കൊച്ചി/ നെടുമ്പാശേരി: പല തവണ തങ്ങളെ സ്വീകരിക്കാനും യാത്രയയ്ക്കാനും നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയിരുന്ന പ്രിയപ്പെട്ടവരുടെ മുന്നിലേക്ക് അവര്‍ ഒരിക്കല്‍ കൂടി വന്നിറങ്ങി. ഉറ്റവര്‍ക്ക് നല്കാന് സമ്മാനപ്പൊതികളോ മധുരമോ ഒന്നും കൈയില്‍ കരുതാതെയുള്ള ആ മടങ്ങിവരവില്‍ ഇനി ഒരിക്കലും തങ്ങളെ യാത്രയാക്കാന്‍ ആരും വരേണ്ടതില്ലെന്ന ഓര്‍മപ്പെടുത്തല്‍ കൂടിയുണ്ടായിരുന്നു.
ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളുമായി പ്രവാസ ലോകത്തേക്ക് ചേക്കേറിയ ആ 31 പേര്. ഉറ്റവരെ തീരാവേദനയിലാഴ്ത്തി കടന്നു പോയ അവരെ കണ്ണീര്‍പൂക്കളുമായി സ്വീകരിക്കാന്‍ പുലര്‍ച്ചെ മുതല്‍ ബന്ധുക്കളും സുഹൃത്തുക്കളും നെടുമ്പാശേരി വിമാനത്താവളത്തിലുണ്ടായിരുന്നു.
രാവിലെ 10.29 ന് വ്യോമസേനയുടെ സി 130 സൂപ്പര്‍ ഹെര്‍ക്കുലീസ് വിമാനത്തില്‍ 23 മലയാളികളുടെയും ഏഴ് തമിഴ്നാട് സ്വദേശികളുടെയും ഒരു കര്‍ണാടക സ്വദേശിയുടെയും മൃതദേഹങ്ങളാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വിമാനത്തില്‍ മൃതദേഹങ്ങളെ അനുഗമിച്ചിരുന്നു. കാര്‍ഗോ ക്ലിയറന്‍സിനു ശേഷം മൃതദേഹങ്ങള്‍ 11.45ഓടെ പുറത്തേക്ക് എത്തിച്ചു.
സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും ചേര്‍ന്ന് മൃതദേഹങ്ങള്‍ ഏറ്റുവാങ്ങി.
മരിച്ചവരുടെ ഫോട്ടോയും വിലാസവും അടക്കം ഒട്ടിച്ച് രാജ്യാന്തര കാര്‍ഗോ ടെര്‍മിനലില്‍ പ്രത്യേകം തയാറാക്കിയ പീഠത്തില്‍ രണ്ടു മൃതദേഹങ്ങള്‍ എന്ന രീതിയില്‍ ക്രമീകരിച്ച് മൃതദേഹങ്ങള്‍ അല്പസമയം പൊതു ദര്‍ശനത്തിനു വച്ചു. ആദ്യമെത്തിയത് തിരുവനന്തപുരം സ്വദേശി അരുണ്‍ ബാബുവിന്റെതായിരുന്നു. മൃതദേഹങ്ങള്‍ പുറത്തെത്തിച്ചതോടെ എയര്‍പോര്‍ട്ട് പരിസരം സങ്കടക്കടലായി മാറി. അതുവരെ നൊമ്പരം ഉള്ളിലൊതുക്കി ഉറ്റവരെ കാത്തിരുന്ന പലരും നിയന്ത്രണം ഇല്ലാതെ പൊട്ടിക്കരഞ്ഞു.
പലരുടെയും ഏകാശ്രയമായ മക്കളും ഭര്‍ത്താവും അച്ഛനുമൊക്കെ ചേതനയറ്റ് എത്തിയവരുടെ കൂട്ടത്തിലുണ്ടായിരുന്നു. നിറമുള്ള പ്രതീക്ഷകളുമായി പ്രവാസലോകത്തേക്ക് പറന്നവരുടെ മടക്കയാത്ര അത്രമേല്‍ നൊമ്പരക്കടലായിരുന്നു. പൊതുദര്‍ശനത്തിനു ശേഷം മൃതദേഹങ്ങള്‍ പ്രത്യേക ആംബുലന്‍സില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലുള്ള ജന്മനാട്ടിലേക്ക് കൊണ്ടുപോയി. നോര്‍ക്കയുടെ നേതൃത്വത്തില്‍ ആംബുലന്‍സുകള്‍ നേരത്തേ തന്നെ തയാറാക്കി നിര്‍ത്തിയിരുന്നു. ഓരോ ആംബുലന്‍സിനും അകമ്പടിയായി പോലീസ് പൈലറ്റ് വാഹനവുമുണ്ട്.
നെടുമ്പാശേരി വിമാനത്താവളത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റുവാങ്ങിയ ഏഴ് തമിഴ്നാട് സ്വദേശികളുടെയും ഒരു കര്‍ണാടക സ്വദേശിയുടെയും മൃതദേഹങ്ങള്‍ റോഡുമാര്‍ഗം ജന്മനാടുകൡലേക്ക് പുറപ്പെട്ടു. തമിഴ്നാട്, കര്‍ണാട എന്നിവിടങ്ങളില്‍നിന്നുള്ള പ്രതിനിധികളും മരിച്ചവരുടെ ബന്ധുക്കളും നെടുമ്പാശേരിയില്‍ എത്തിയിരുന്നു. കേരള അതിര്‍ത്തി കഴിയുന്നത് വരെ മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള മൃതദേഹങ്ങളെ സംസ്ഥാന പോലീസ് അകമ്പടി നല്‍കും.
45 മൃതദേഹങ്ങളാണ് കുവൈറ്റില്‍ നിന്നും വ്യോമസേന വിമാനത്തില്‍ നെടുമ്പാശേരിയിലേക്ക് കൊണ്ടുവന്നത്. 14 മൃതദേഹങ്ങള്‍ ഡല്‍ഹിയിലേക്ക് കൊണ്ടുപോയി. മുഖ്യമന്ത്രി പിണറായി വിജയന്, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്, മന്ത്രിമാരായ വീണ ജോര്‍ജ്, റോഷി അഗസ്റ്റിന്, കെ. രാജന്, കടന്നപ്പള്ളി രാമചന്ദ്രന്, കേന്ദ്ര മന്ത്രി സുരേഷ് ഗോപി, എം.പിമാരായ ഹൈബി ഈഡന്, ബെന്നി ബഹനാന്, എം.എല്‍.എമാരായ അന്‍വന്‍ സാദത്ത്, ടി.ജെ വിനോദ്, ജില്ലാ കലക്ടര്‍ എന്‍.എസ്.കെ ഉമേഷ് തുടങ്ങിയവര്‍ ചേര്‍ന്നാണ് മൃതദേഹങ്ങള്‍ ഏറ്റുവാങ്ങിയത്.
ജനപ്രതിനിധികളും മരണമടഞ്ഞവരുടെ ബന്ധുക്കളും അടക്കം നിരവധി പേരാണ് വിമാനത്താവളത്തില്‍ എത്തിയിരുന്നു.
കുവൈറ്റ് ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 50 ആയി. ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരു ഇന്ത്യക്കാരന് കൂടി മരിച്ചുവെന്ന് കുവൈത്ത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, മരിച്ചയാളുടെ പേര് വിവരം അറിവായിട്ടില്ല. ഇയാള്‍ക്കായുള്ള തിരിച്ചറിയല്‍ നടപടി പുരോഗമിക്കുകയാണ്.
കുവൈത്തിലെ ലേബര്‍ ക്യാമ്പിലുണ്ടായ ദുരന്തത്തിന് കാരണമായ സുരക്ഷാ വീഴ്ചയുടെ പേരില്‍ രണ്ട് പേര് റിമാന്‍ഡിലായതായി കുവൈറ്റ് വാര്‍ത്താ ഏജന്‍സി അറിയിച്ചു. ഒരു കുവൈറ്റ് പൗരനും ഒരു വിദേശ പൗരനുമാണ് റിമാന്‍ഡിലുള്ളത്. എന്നാല്‍ ഇവരുടെ പേര് വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. കൂട്ട മരണത്തിന് കാരണമായ ചട്ട ലംഘനങ്ങളുടെ പേരിലാണ് നടപടി. തീപിടിത്തം ഉണ്ടായത് കെട്ടിടത്തിലെ ഗാര്‍ഡ് റൂമില്‍ നിന്നാണെന്ന് കുവൈത്ത് ഫയര്‍ഫോഴ്സ് നടത്തിയ അന്വേഷണത്തില്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
സ്വന്തം ലേഖിക