മാന്നാർ: പുതിയതായി നിർമിച്ച വീട്ടിൽ അന്തിയുറങ്ങാൻ കഴിയാതെയാണ് ജോബി യാത്രയായത്. പുതിയ ഭവനത്തിലേക്ക് എത്തുന്നത് അന്ത്യയാത്രയ്ക്കായിരിക്കുമെന്ന് വീട്ടുകാരും നാട്ടുകാരും ഒരിക്കലും കരുതിയില്ല. കുവൈറ്റിലെ മൻഗഫിൽ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരിൽ ഉൾപ്പെട്ട മേപ്രാൽ മരോട്ടിമൂട്ടിൽ ചിറയിൽ വീട്ടിൽ തോമസ് സി. ഉമ്മൻ (ജോബി-37) താൻ നിർമിച്ച പുതിയ വീടിന്റെ ഗൃഹപ്രവേശന ചടങ്ങിനായി ഓഗസ്റ്റിൽ വരാനിരിക്കവേയാണ് വിധി തട്ടിയെടുത്തത്.
ജോബിയുടെ ബാല്യകാലവും പഠനവും പരുമലയിൽ ആയിരുന്നു. മാന്നാർ പരുമല കാട്ടിൽ കിഴക്കേതിൽ മാതാവിന്റെ വീട്ടിൽനിന്നാണ് പഠനം നടത്തിയത്. ഇവിടത്തെ എല്ലാ കാര്യങ്ങൾക്കും ജോബി മുൻപിലുണ്ടായിരുന്നു.
അതിനാൽ തന്നെ ജോബിയുടെ മരണം പരുമല ഗ്രാമത്തെയും ദുഃഖത്തിലാഴ്ത്തി. അഞ്ചു വർഷം മുമ്പാണ് എൻഡി ടെക്നീഷ്യനായി തോമസ് സി. ഉമ്മൻ കുവൈറ്റിൽ ജോലിക്കായി പോയത്.
തീപിടിത്തവിവരം അറിഞ്ഞ് ഭാര്യ അടക്കമുള്ള ബന്ധുക്കൾ തോമസ് സി. ഉമ്മനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നെങ്കിലും ലഭിച്ചിരുന്നില്ല. ഇന്നലെ രാവിലെയാണ് മരണവിവരം അറിഞ്ഞതെന്ന് വീട്ടുകാർ പറഞ്ഞു.
ഭാര്യ: മറിയാമ്മ ജോണിക്കുട്ടി. മകൾ: ജസീക് (യു കെജി വിദ്യാർഥി). ഉമ്മൻ – റാണി ദമ്പതികളുടെ മൂത്ത മകനാണ്. ഇളയ മകനും കുവൈറ്റിൽ മറ്റൊരിടത്ത് ജോലി ചെയ്യുകയാണ്.