തിരുവനന്തപുരം: മകളുടെ അഡ്മിഷനുവേണ്ടി അടുത്ത മാസം നാട്ടിലേക്ക് വരാനിരിക്കെയാണ് കുവൈറ്റിൽ തീപിടിത്തത്തിൽ മരണം കൊല്ലം കണ്ണനല്ലൂർ വെളിച്ചിക്കാല വടക്കോട്ടുവിളയിൽ ലൂക്കോസി(48)നെ കവർന്നത്. എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയാണ് മൂത്ത മകള്‍ ലിഡിയ പ്ലസ്ടു പാസായത്.
ലിഡിയയുടെ നഴ്സിംഗ് അഡ്മിഷനായി അടുത്ത മാസം നാട്ടില്‍ വരാനിരിക്കുകയായിരുന്നു ലൂക്കോസ്.ദുരന്തത്തിന് തൊട്ടുമുന്‍പ് ഇന്നലെ രാവിലെയും ലൂക്കോസ് വീട്ടുകാര്‍ക്കുള്ള പതിവ് ഗുഡ്മോണിംഗ് സന്ദേശം അയച്ചിരുന്നു. തീപിടിത്തത്തെപ്പറ്റി ടിവിയില്‍ വാര്‍ത്ത വന്നതോടെ ബന്ധുക്കൾ ലൂക്കോസിനെ ഉച്ചവരെ ഫോണില്‍ ബന്ധപ്പെട്ടിട്ടും ഫലമുണ്ടായില്ല.
ആദ്യം കുവൈറ്റിലെ സുഹൃത്തുക്കള്‍ ലൂക്കോസിനെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ കുറച്ചുനേരത്തേക്ക് ലഭിച്ചിരുന്നു. പിന്നീട് വിളിച്ചിട്ട് കിട്ടിയില്ല. എന്നാല്‍ ഉച്ച കഴിഞ്ഞാണ് ലൂക്കോസ് ആശുപത്രിയിലാണെന്ന വിവരം ലഭിച്ചത്. പിന്നീടാണ് മരണവിവരം അറിഞ്ഞതെന്ന് ഒരു ബന്ധു മാധ്യമങ്ങളോടു പറഞ്ഞു.
ലൂക്കോസ് എന്‍ബിടിസി കമ്പനിയിലെ മെക്കാനിക്കല്‍ സൂപ്പര്‍വൈസറായിരുന്നു. 18 വര്‍ഷമായി കുവൈറ്റില്‍ ജോലി ചെയ്യുന്നു. ഭാര്യ ഷൈനി. മൂത്ത മകള്‍ 17കാരി ലിഡിയ, പത്തു വയസുകാരി ലൂയിസ് എന്നിവര്‍ അടങ്ങുന്നതായിരുന്നു ലൂക്കോസിന്റെ കുടുംബം. മംഗഫ് ഏരിയയിലെ ബ്ലോക്ക് നാലിൽ മലയാളിയുടെ ഉടമസ്ഥതയിലുള്ള എൻബിടിസി കന്പനി ക്യാന്പിൽ ഇന്നലെ പുലർച്ചെ നാലിനാണ് തീപിടിത്തമുണ്ടായത്.