കുവൈറ്റ് സിറ്റി: കുവൈറ്റില്‍ തീപിടിത്തമുണ്ടായ അൽ അഹ്മദി ഗവര്‍ണറേറ്റിന് പുതിയ ഗവര്‍ണര്‍. ഷെയ്ഖ് ഹുമൂദ് ജാബര്‍ അല്‍ അഹ്മദ് അല്‍സബായെ ആണ് പുതിയ ഗവണറായി നിയമിച്ചത്.
കുവൈറ്റ് അമീര്‍ ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
അതേസമയം കുവൈറ്റിലെ ലേബർ ക്യാന്പിലുണ്ടായ തീപിടിത്തത്തിൽ ഒരു ഇന്ത്യക്കാരൻകൂടി മരിച്ചതായി റിപ്പോർട്ട്. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം അന്‍പതായി.
ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരു ഇന്ത്യക്കാരൻ കൂടി മരിച്ചുവെന്ന് കുവൈറ്റ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മരിച്ചയാളുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല. 31 ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായി പുറപ്പെട്ട വിമാനം 10.30ന് കൊച്ചിയിലെത്തുമെന്ന് അധികൃതർ പറഞ്ഞു.
23 മലയാളികളുടെയും ഏഴ് തമിഴ്നാട് സ്വദേശികളുടേയും ഒരു കർണാടക സ്വദേശിയുടേയും മൃതദേഹമാണ് വിമാനത്തിലുള്ളത്. കേന്ദ്രവിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗ് മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്.