കുവൈറ്റ് സിറ്റി: യാത്ര നിയന്ത്രണത്തെ തുടര്‍ന്ന് ഇന്ത്യയില്‍ കുടുങ്ങിപോയ പ്രവാസികള്‍ക്ക് കുവൈത്തിലേക്ക് തിരികെ വരുവാന്‍ ആവശ്യമായ സഹായങ്ങള്‍ നല്‍കുമെന്ന് ഇന്ത്യന്‍ എംബസി വാർത്താകുറിപ്പിലൂടെ അറിയിച്ചു.
അടിയന്തരമായി കുവൈറ്റിലേക്ക് തിരിച്ചെത്തേണ്ടവർ അവരുടെ രജിസ്ട്രേഷനുകൾ ആരോഗ്യ മന്ത്രാലയത്തില്‍ പ്രോസസ് ചെയ്യണമെന്നും അത്തരം കേസുകളില്‍ എംബസിയുടെ ഭാഗത്ത് നിന്നും എല്ലാവിധ സഹായങ്ങളും നല്‍കുമെന്നും എംബസ്സി അധികൃതര്‍ വ്യക്തമാക്കി.
ഇത് സംബന്ധമായി നിരവധി അന്വേഷണങ്ങളാണ് ദിനംപ്രതി ലഭിക്കുന്നതെന്നും ഇന്ത്യക്കാരുടെ ആശങ്കകള്‍ ബന്ധപ്പെട്ടവരോട് പങ്ക് വെച്ചതായും എംബസി അധികൃതര്‍ പറഞ്ഞു.
വാക്സിനേഷന് സര്‍ട്ടിഫിക്കറ്റുകള്‍ കുവൈത്തിലെ ആരോഗ്യ സാങ്കേതിക സമിതി പരിശോധന നടത്തി കൊണ്ടിരിക്കുകയാണ്.
പരിശോധന പൂര്‍ത്തിയായ നൂറുക്കണക്കിന് ആളുകള്‍ക്ക് വാക്സിന് സര്‍ട്ടിഫിക്കറ്റ് അംഗീകാരം ലഭിച്ചിട്ടുണ്ട്.
പരിശോധന കഴിയുന്ന മുറക്ക് മറ്റുള്ള അപേക്ഷകര്‍ക്കും ഇത് സംബന്ധമായ നോട്ടിഫിക്കേഷന്‍ ലഭിക്കുമെന്ന് എംബസ്സി അറിയിച്ചു.
പിശകുകൾ ഉള്ളതായി കണ്ടെത്തിയാല്‍ ആ കാര്യങ്ങള്‍ വിശദീകരിച്ചും അപേക്ഷ നിരസിച്ചാല്‍ ആ കാര്യങ്ങള്‍ വ്യകതമാക്കിയും ഈ മെയിൽ സന്ദേശങ്ങള്‍ ലഭിക്കും.
അടിയന്തിര സാഹചര്യത്തില്‍ വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് ലഭിക്കേണ്ടവര്‍ [email protected] അഡ്രസില്‍ സാഹചര്യം വിശദീകരിച്ചു കൊണ്ട് ഇമെയില്‍ അയക്കണമെന്നും അതോടപ്പം സ്പോൺസരുടെ കത്ത്,
പാസ്പോര്‍ട്ട്, സിവില്‍ ഐഡി, തൊഴില്‍ കരാര്‍ , ആരോഗ്യ മന്ത്രാലയ വെബ്സൈറ്റില്‍ രജിസ്ട്രേഷന് പൂര്‍ത്തിയാക്കിയതിന്റെ രേഖ ,
വാക്സിനേഷന് സര്‍ട്ടിഫിക്കേറ്റ്, ഇമ്മ്യൂണ്‍/കുവൈറ്റ് മൊബൈല്‍ ഐഡി, ഷോളോണിക് , കുവൈത്ത് മൊസാഫര്‍ ഉള്‍പ്പെടെയുള്ള ആപ്ലിക്കേഷനുകള്‍ രജിസ്ട്രേഷന് പൂര്‍ത്തിയാക്കിയതിന്റെ രേഖ തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തണമെന്നും എംബസ്സി അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ