തൃപ്പൂണിത്തുറ: കുവൈത്തിൽ ജോലി വാഗ്ദാനം ചെയ്ത് യുവാവിന്റെ കൈയിൽ ലഹരിമരുന്നു നൽകി കുടുക്കിയ കേസിൽ ചേർത്തല പള്ളിത്തോട് പറയക്കാട്ട് വീട്ടിൽ പി.ടി ആന്റണിയെ (43) റിമാൻഡ് ചെയ്തു.
ക്രൈംബ്രാഞ്ച് സെൻട്രൽ യൂണിറ്റ്-2 ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 2018 ജനുവരിയിലാണ് ലഹരിമരുന്ന് കടത്തിയെന്ന കുറ്റത്തിന് നായരമ്പലം ശ്രാമ്പിക്കൽ വീട്ടിൽ ജോമോൻ കുവൈത്ത് വിമാനത്താവളത്തിൽ അറസ്റ്റിലായത്.
സെയിൽസ്മാനായി സൂപ്പർമാർക്കറ്റിൽ ജോലി തരപ്പെടുത്തിയിട്ടുണ്ടെന്ന് വിശ്വസിപ്പിച്ചായിരുന്നു ജോമോനെ ആന്റണി കുവൈത്തിലേക്കു അയച്ചത്.
സൂപ്പർമാർക്കറ്റിലെ മറ്റൊരു ജീവനക്കാരനു നൽകാൻ വേണ്ടിയാണെന്ന് പറഞ്ഞ് യാത്രയ്ക്ക് മുൻപായി കൊച്ചി വിമാനത്താവളത്തിൽവച്ച് ആന്റണി ഒരു ബാഗ് ജോമോനെ ഏൽപ്പിച്ചിരുന്നു.
വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ ഈ ബാഗിൽ ലഹരിമരുന്നു കണ്ടെത്തുകയും ജോമോൻ അറസ്റ്റിലാവുകയുമായിരുന്നു.
താൻ നിരപരാധിയാണെന്ന് ജോമോൻ വാദിച്ചെങ്കിലും കുവൈത്ത് സർക്കാർ ജീവപര്യന്തം തടവിന് ശിക്ഷിച്ച ജോമോൻ അഞ്ച് വർഷമായി കുവൈത്തിലെ ജയിലിലാണ്.
ചതി മനസിലാക്കിയ ജോമോന്റെ പിതാവ് ക്ലീറ്റസ് ഹൈക്കോടതിയെ സമീപിക്കുകയും ജസ്റ്റിസ് വി.ജി. അരുണിന്റെ വിധിയുടെ അടിസ്ഥാനത്തിൽ കേസ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയുമായിരുന്നു.
ഡിക്ടറ്റീവ് ഇൻസ്പെക്ടർ പി.കെ. ശ്രീധരൻ നേതൃത്വത്തിലുള്ള സംഘമാണ് ചേർത്തലയിലെ വീട്ടിൽനിന്ന് പ്രതിയെ പിടികൂടിയത്.