കൊച്ചി: കുവൈറ്റിലെ ബാങ്കുകളില്നിന്നെടുത്ത കോടികളുടെ വായ്പ തിരിച്ചടയ്ക്കാതെ രാജ്യം വിട്ട മലയാളികളെ പൂട്ടാൻ തീരുമാനിച്ച് ബാങ്കുകൾ. ഇവരില്നിന്നു കിട്ടാക്കടം തിരിച്ചുപിടിക്കാന് കുവൈറ്റ് ഗള്ഫ് ബാങ്ക് അധികൃതര് കേരളത്തിലെത്തി. തിരുവനന്തപുരം പോലീസ് ആസ്ഥാനത്തു നേരിട്ടെത്തി ഇവര് നല്കിയ പരാതിയുടെ അടിസ്ഥാനത്തില് സംസ്ഥാനത്തുടനീളം പോലീസ് എഫ്ഐആര് രജിസ്റ്റര് ചെയ്ത് അന്വേഷണം ആരംഭിച്ചു.
നിലവില് പത്ത് എഫ്ഐആര് രജിസ്റ്റര് ചെയ്തതില് ഒമ്പത് എണ്ണവും എറണാകുളം സ്വദേശികള്ക്കെതിരേയാണ്. കോട്ടയം കുമരകം സ്വദേശിക്കെതിരേയും എഫ്ഐആര് രജിസ്റ്റര് ചെയ്തിട്ടുണ്ട്. പോലീസ് ആസ്ഥാനത്തുനിന്നുള്ള പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തില് ജില്ലാ ക്രൈംബ്രാഞ്ചുകള്ക്ക് കേസ് കൈമാറും. ദക്ഷിണമേഖല ഐജി അന്വേഷണം ഏകോപിപ്പിക്കും. തട്ടിപ്പ് നടത്തിയവര്ക്കെതിരേ കടുത്ത ക്രിമിനല് നിയമനടപടികള് സ്വീകരിക്കാനാണു ബാങ്കധികൃതര് ഉദ്ദേശിക്കുന്നതെന്ന് ബാങ്കിനു കേരളത്തില് നിയമസഹായം നല്കുന്ന ഹൈക്കോടതി അഭിഭാഷകന് തോമസ് ജെ. ആനക്കല്ലുങ്കല് പറഞ്ഞു.
കേരളത്തില്നിന്നു മാത്രം 1425 ഓളം പേര് കുവൈറ്റില് തട്ടിപ്പ് നടത്തി ഇവിടേക്കു വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2019-20 കാലഘട്ടത്തിലാണ് തട്ടിപ്പുകള് ഏറെയും നടത്തിയിട്ടുള്ളത്. ആദ്യം ബാങ്കില്നിന്നു ചെറിയ തുക വായ്പയെടുത്ത് ഇതു കൃത്യമായി തിരിച്ചടച്ച് ക്രെഡിറ്റ് സ്കോര് ഉയര്ത്തിയശേഷം വലിയ തുക വായ്പയെടുത്ത് മുങ്ങുകയായിരുന്നു.
കുവൈറ്റിനുപുറമേ യുഎഇയും സൗദി അറേബ്യയും ഖത്തറും ഒമാനും ഉള്പ്പെടെ മിക്ക ഗള്ഫ് രാജ്യങ്ങളിലുമുള്ള ബാങ്കുകള് മുമ്പുണ്ടാകാത്തവിധം കഴിഞ്ഞ ആറു വര്ഷത്തിനുള്ളില് വായ്പാതട്ടിപ്പിനിരയായിട്ടുണ്ട്. സ്വത്ത് ജപ്തി ചെയ്തു കുടിശികത്തുക ഈടാക്കുന്നതിന് പുറമെ പ്രതികള്ക്ക് ഏഴു വര്ഷം വരെ തടവുശിക്ഷ നല്കാനും വ്യവസ്ഥ ചെയ്യുന്ന വകുപ്പുകള് കേസുകളില് ഉള്പ്പെടുന്നു. ഇതിനകം രജിസ്റ്റര് ചെയ്തിട്ടുള്ള ഭൂരിഭാഗം എഫ്ഐആറിലെയും പ്രതികള് കുവൈറ്റ് മിനിസ്ട്രി ഓഫ് ഹെല്ത്ത് ജീവനക്കാരായിരുന്നവരാണ്.
ഇവരില് ചിലര് മാത്രമാണു നിലവില് കേരളത്തിലുള്ളതെന്നും മിക്കവരും യൂറോപ്യന് രാജ്യങ്ങളിലോ യുഎസ്, കാനഡ, ഓസ്ട്രേലിയ, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങളിലോ ആണെന്നുമാണ് പ്രാഥമിക അന്വേഷണത്തിനുശേഷമുള്ള പോലീസ് നിഗമനം.
ഇന്ത്യന് പൗരന് വിദേശത്ത് കുറ്റകൃത്യത്തിലേര്പ്പെടുന്ന പക്ഷം ഇന്ത്യയിലെന്നതുപോലെതന്നെ നിയമനടപടികള് നേരിടണമെന്നു വ്യവസ്ഥ ചെയ്യുന്ന സിആര്പിസി സെക്ഷന് 188 ചൂണ്ടിക്കാട്ടിയാണ് ബാങ്കുകള് കേസുമായി മുന്നോട്ടുപോകുന്നത്. ഗള്ഫ് രാജ്യങ്ങളിലെ മിക്ക ബാങ്കുകളും ഇന്ത്യന് പൗരന്മാരില്നിന്ന് ഇപ്രകാരം കുടിശിക ഈടാക്കാനുള്ള തയാറെടുപ്പിലാണ്.