അബ്ദുല്ല നാലുപുരയിൽ
കുവൈറ്റ് സിറ്റി: ലോകത്തിലെ മികച്ച ആയിരം സർവകലാശാലകളിൽ ഇടംപിടിച്ച് കുവൈറ്റ് സർവകലാശാല. ക്യുഎസ് വേൾഡ് യൂണിവേഴ്സിറ്റി റാങ്കിങ്ങിൽ 851-ാം സ്ഥാനമാണ് കുവെെറ്റ് സർവകലാശാല നേടിയത്.
അക്കാദമിക് രംഗത്തെ മികവ്, അധ്യാപക-വിദ്യാര്‍ഥി അനുപാതം, തൊഴിൽ വിപണിയിലെ മൂല്യം, അക്കാദമിക് ഗവേഷണ പേപ്പറുകളുടെ നിലവാരം തുടങ്ങി നിരവധി സൂചകങ്ങള്‍ അടിസ്ഥാനമാക്കിയാണ് റാങ്കിംഗ്.
ക്യുഎസ് സ്ഥാപകനും സിഇഒയുമായ നൻസിയോ ക്വാക്വറെല്ലിയാണ് റാങ്കിംഗ് പുറത്തുവിട്ടത്. 2,900 യൂണിവേഴ്സിറ്റികളാണ് ലിസ്റ്റിൽ ഉണ്ടായിരുന്നത്.
വിദ്യാഭ്യാസ രംഗത്ത് രാജ്യം കൈവരിച്ച നേട്ടത്തിൽ വളരെയധികം സന്തോഷമുണ്ടെന്ന് സര്‍വകലാശാല അധികൃതര്‍ പറഞ്ഞു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രഫസർമാരും ഫാക്കല്‍റ്റികളും സർവകലാശാലയിലുണ്ട്. 37,000 ഓളം വിദ്യാര്‍ഥികൾ സർവകലാശാലയില്‍ പഠിക്കുന്നു.
ലോക സർവകലാശാലകളുടെ അക്കാദമിക് റാങ്കിംഗ് പ്രകാരം ആഗോളതലത്തിലെ മികച്ച യുണിവേഴ്സിറ്റികളുടെ പട്ടികയിലും നേരത്തെ കുവൈറ്റ് സർവകലാശാല സ്ഥാനം പിടിച്ചിരുന്നു.