കൊട്ടിയൂർ: പാൽച്ചുരം റോഡിന്റെ തകർച്ചയ്ക്കെതിരെ വേറിട്ട പ്രതിഷേധവുമായി ചുങ്കക്കുന്ന് മേഖല കെസിവൈഎം. “കുഴി എണ്ണൂ, കുഴിമന്തി നേടൂ’ എന്ന പേരിലാണ് കുഴി എണ്ണൽ ചലഞ്ച് സംഘടിപ്പിക്കുന്നത്.
പാൽച്ചുരം പള്ളി മുതൽ ബോയ്സ് ടൗൺ വരെയുള്ള റോഡിലെ കുഴികളുടെ എണ്ണം ആദ്യം കൃത്യമായി പറയുന്നയാൾക്ക് കുഴിമന്തി സമ്മാനമായി നൽകും.
കൂടാതെ പ്രോത്സാഹന സമ്മാനമായി 500 ഗ്രാം വീതം തക്കാളി അഞ്ചു പേർക്കും നൽകും. ഡിസംബർ അഞ്ചു മുതൽ ഒൻപത് വരെയാണ് പരിപാടി.
9061447647 എന്ന ഫോൺ നമ്പറിലാണ് കുഴികളുടെ എണ്ണം വിളിച്ചറിയിക്കേണ്ടത്. സാമൂഹിക മാധ്യമങ്ങൾ വഴി നടത്തുന്ന ചലഞ്ചിൽ നിരവധി ആളുകൾ പങ്കെടുക്കുന്നുണ്ടെന്ന് കെസിവൈഎം മേഖല പ്രസിഡന്റ് ഡെറിൻ കൊട്ടാരത്തിൽ പറഞ്ഞു.
കുഴികളുടെ എണ്ണം കൃത്യമായി വിളിച്ചറിയിക്കുന്നതുവരെയാണ് പ്രതിഷേധ ചലഞ്ച് നടത്തുന്നത്.
രണ്ടു ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാൽച്ചുരം റോഡിന്റെ അവസ്ഥ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ചുങ്കക്കുന്ന് കെസിവൈഎമ്മിന്റെ വേറിട്ട പ്രതിഷേധം.