കൈയിൽ പണമുണ്ടായിട്ടും അച്ഛന്റെ ഓപ്പറേഷനു പൈസ എത്തിക്കാൻ വഴി കാണാതെ വിഷമിച്ചിരുന്ന ആ പ്രവാസിയെ ഗൾഫിലെ കുഴൽപണ ഇടപാടുകാരുമായി കണക്ട് ചെയ്തു കൊടുത്തത് ഒരു സുഹൃത്താണ്.
നാട്ടിലേക്കയയ്ക്കാനുള്ള ഒന്പതു ലക്ഷം രൂപയും പൈസ എത്തിക്കേണ്ട സ്ഥലവും തൃശൂർക്കാരൻ ഗൾഫിലെ ഹവാല സേഠിനു നൽകി. മിനിറ്റുകൾക്കുള്ളിൽ തൃശൂർ സ്വദേശിക്കു ഫോണ് വന്നു,
നാട്ടിൽനിന്നു പൈസ കിട്ടിയെന്നു പറഞ്ഞു വീട്ടുകാരുടെ ആശ്വാസ വിളി….
സേഠിനോടു നന്ദി പറഞ്ഞു ആ തൃശൂർക്കാരൻ ദുബായിലെ ഫ്ലാറ്റിനു പുറത്തിറങ്ങി. നിവൃത്തികേടുകൊണ്ട് കുഴൽപ്പണ ഇടപാടിൽ ചെന്നുപെടുകയായിരുന്നു ഇയാൾ.
പക്ഷേ, അടുത്ത തവണയും ഇതുപോലൊരു ഘട്ടത്തിൽ അയാൾ പണം വേഗത്തിലെത്തിക്കാൻ ചെന്നെത്തിയത് ആ സേഠുവിന്റെ ഫ്ലാറ്റിൽ തന്നെയായിരുന്നു. അയാൾ വഴി പലരും സേഠിന്റെ കസ്റ്റമേഴ്സായി… അതാണ് ഹവാല അഡിക്ഷൻ!
റോയൽ മെക്കുകാർ!
കുഴൽപണ ലോബികൾ തങ്ങളുടെ സംഘത്തിലെപ്പോഴും മെക്കാനിക്കൽ എൻജിനിയറിംഗിൽ മിടുക്കൻമാരായവരെ കൂടെ കൂട്ടും. മംഗലാപുരത്തും ചെന്നൈയിലുമെല്ലാം ഇത്തരത്തിൽ ഹവാല സംഘങ്ങളുടെ കൂടെ ഒരു എൻജിനിയറിംഗ് ഗ്രൂപ്പു തന്നെയുണ്ട്.
റോയൽ മെക്ക് എന്നു വിശേഷിപ്പിക്കുന്ന മെക്കാനിക്കൽ എൻജിനിയർമാരാണ് കുഴൽപണം കടത്തുന്ന വാഹനങ്ങൾ രൂപമാറ്റം വരുത്തി രഹസ്യ അറകൾ നിർമിക്കുന്നതുപോലെയുള്ള പരിപാടികൾ ചെയ്യുന്നത്.
വഴിയിൽ പോലീസോ മറ്റേതെങ്കിലും ഏജൻസികളോ വാഹനം പരിശോധിച്ചാൽ ഒരു തരത്തിലും കണ്ടെത്താൻ കഴിയാത്ത വിധത്തിൽ വാഹനങ്ങൾക്കകത്ത് അറകൾ നിർമിക്കാൻ പ്രത്യേക വൈദഗ്ധ്യം ലഭിച്ച മെക്കാനിക്കുകളും മെക്കാനിക്കൽ എൻജിനിയർമാരും അയൽസംസ്ഥാനങ്ങളിലെ ഹവാല ഗ്യാംഗുകളിലുണ്ട്. ഇവരുടെ സേവനം ആവശ്യമുള്ളിടത്തേക്ക് ഇവരെത്തും.
പണം കടത്താനായി പോകുന്ന വാഹനം മോഡിഫൈ ചെയ്ത് ഓൾട്രേഷൻ വരുത്തിയെന്നു തോന്നാത്ത വിധം രഹസ്യഅറകൾ നിർമിക്കും. പണം കടത്തുന്ന കാരിയർമാർക്കും രഹസ്യ അറയുടെ ഓപ്പറേഷൻ പറഞ്ഞു കൊടുക്കും.
സീറ്റിനടയിലും മറ്റും പോലീസുകാർ സ്ഥിരമായി പരിശോധിക്കുന്നതിനാൽ ഇപ്പോൾ ക്ലച്ചിനോടും ബ്രേക്കിനോടുമൊക്കെ ചേർന്നു വാഹനത്തിന്റെ മുൻഭാഗത്താണ് ഹവാല മെക്കുകാർ രഹസ്യ അറകൾ നിർമിക്കുന്നത്.
കോഡുകളുടെ കളി!
കുഴൽപണവുമായി കർണാടകയിൽനിന്നും തമിഴ്നാട്ടിൽനിന്നുമെല്ലാം കേരളത്തിലേക്കു വരുന്ന കാരിയർമാർക്കു കോഡ് ക്ലാസ് നിർബന്ധമാണ്. കോഡുകളുടെ കളി കൂടിയാണ് ഹവാല ബിസിനസ്. കൗതുകമുള്ള കോഡുകളായിരിക്കും ഇവർ ഉപയോഗിക്കുക.
കേട്ടാൽ സാധാരണ വാക്കോ വാചകമോ ആണെങ്കിലും ആ കോഡിൽ കോടികളാണ് ഒളിഞ്ഞു കിടക്കുന്നുണ്ടാവുക. അയൽസംസ്ഥാനത്തുനിന്നു കേരളത്തിലേക്ക് ഒറ്റയടിക്കു പണം എത്തിക്കുന്ന ഏർപ്പാട് ഹവാലക്കാർക്കില്ല.
പല ജില്ലകളിലേക്കായി എത്തിച്ച് അവിടെനിന്നു കാരിയർമാർ മാറി മാറി കേരളമെന്പാടും പണമെത്തിക്കുന്ന രീതിയാണ് പൊതുവേയുള്ളത്.
പണം തൃശൂർക്കുള്ളതാണെങ്കിൽ അതു ഗഡിക്കുള്ളതാണെന്നും തിരുവനന്തപുരത്തേക്കുള്ളതാണെങ്കിൽ അത് അപ്പിക്കുള്ളതാണെന്നുമാണ് ഒരു കോഡുഭാഷ.
പാലക്കാട്ടേക്കുള്ളതു ടിപ്പുവിനും കോഴിക്കോട്ടേക്കാണേൽ സാമൂതിരിക്കുമെന്നാണ് പറയുക. കോട്ടയത്തേക്കാണേൽ കുഞ്ഞച്ചനും.
പണവും സ്വർണവും പരസ്പരം കൈമാറുന്ന ഇടപാടുകാർ പണ്ട് ഉപയോഗിച്ചിരുന്ന കോഡിലൊരെണ്ണം അമ്മായി പെറ്റോ എന്ന ചോദ്യവും കുട്ടി ചാപിള്ളയാണ് എന്ന മറുകോഡുമാണ്.
നൂലു കെട്ട്, പിറന്നാൾ, വിവാഹനിശ്ചയം, കല്യാണം എന്നിങ്ങനെയുള്ള കോഡുകളാണ് സ്വർണം കടത്തുന്നതിൽ പ്രയോഗിക്കുക. കുറഞ്ഞ അളവിലുള്ള സ്വർണക്കടത്ത് നൂലുകെട്ടെന്നും വൻതോതിലുള്ള സ്വർണക്കടത്ത് കല്യാണമെന്ന കോഡിലും പതിയിരിക്കുന്നു.
ഒരു കോടി മുതലുള്ള പണത്തിനു കരിക്കെന്നാണ് കേരളത്തിലേക്ക് എത്തിക്കുന്ന പണത്തിനെ കോഡിൽ ചിലർ വിശേഷിപ്പിക്കാറുള്ളത്. എത്ര കരിക്കുണ്ട് എന്ന ചോദ്യത്തിന് എത്ര കോടികൾ എന്നാണർഥം.
(തുടരും)