പുൽപ്പള്ളി: കുഴൽകിണർ നിർമാണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയത് ഭാഗികമായി പിൻവലിച്ചിട്ടും നിർദേശം നടപ്പാക്കാൻ ജില്ലാഭരണകൂടം തയാറാകുന്നില്ലെന്ന് പരാതി. 300 അടിയിൽ താഴെ കുഴൽക്കിണറുകൾ കുഴിക്കാമെന്ന് നിർദേശം വച്ചിട്ടും അനുമതി നൽകാൻ ജില്ലാ ഭരണകൂടം തയാറാകുന്നില്ല.
മറ്റു ജില്ലകളിലെല്ലാം കുടിവെള്ള ആവശ്യങ്ങൾക്ക് കുഴൽകിണർ നിര്‍മ്മിക്കുമ്പോഴാണ് വരൾച്ചയും കുടിവെള്ള ക്ഷാമവും രൂക്ഷമായ വയനാട്ടിൽ കുഴൽക്കിണർ നിർമിക്കുന്നതിനുള്ള അനുമതി വൈകുന്നത്.
കിണറുകളിലും കുളങ്ങളിലും ജലവിതാനം താഴ്ന്നതോടെ കുടിവെള്ള ആവശ്യങ്ങൾക്ക് കുഴൽകിണർ നിർമിക്കേണ്ട അവസ്ഥയിലാണ് കർഷകർ. പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിൽ 100 കണക്കിന് ആളുകളാണ് കുഴൽകിണർ നിർമിക്കുന്നതിനായി സർക്കാരിന്റെ അനുമതിക്കായി കാത്തുനിൽക്കുന്നത്.
എന്നാൽ ഇക്കാര്യത്തിൽ നടപടികൾ വേഗത്തിലാക്കുന്നതിനോ കുടിവെള്ള ക്ഷാമം ജില്ലാ ഭരണകൂടത്തെ ബോധ്യപ്പെടുത്തുന്നതിനോ കഴിയാത്തതാണ് കുഴൽ കിണറുകൾക്കുള്ള നിയന്ത്രണം ഒഴിവാക്കാൻ കാലതാമസമെന്നും ഇതിന് പരിഹാരം കാണാൻ അധികൃകർ തയാറാകണമെന്നുമാണ് ജനങ്ങളുടെ ആവശ്യം.