ആലപ്പുഴ: വീടിനു സമീപം കുഴൽ കിണർ സ്ഥാപിക്കുന്നതിനിടെ പൈപ്പിലൂടെ തീപിടിക്കുന്ന വാതകം പുറത്തേക്ക് വന്നതു മൂലം കുഴൽ കിണർ സ്ഥാപിക്കുന്ന ജോലികൾ നിർത്തിവച്ച കലവൂരിലെ വീട്ടിൽ ജോലികൾ പുനരാരംഭിക്കാനായില്ല. കഴിഞ്ഞദിവസം വൈകുന്നേരം കലവൂർ വോൾഗ ജംഗ്ഷന് കിഴക്ക് മനോഹര വിലാസത്തിൽ എം.എം. രാജുവിന്റെ വീട്ടിലായിരുന്നു സംഭവം.
നിലവിലുള്ള കുഴൽക്കിണറിലെ വെള്ളം മോശമായതിനാൽ ഇതിന് അടുത്ത് മറ്റൊരു കുഴൽ കിണർ കുഴിച്ചു. ഉച്ചകഴിഞ്ഞ് തുടങ്ങിയ പണികൾ വൈകുന്നേരത്തോടെ പൂർത്തിയാവാറായപ്പോഴാണ് പൈപ്പിലൂടെ രൂക്ഷ ഗന്ധം പുറത്തേക്കു വന്നത്. സംശയം തോന്നി തീപ്പെട്ടി ഉരച്ചു നോക്കിയപ്പോൾ തീ പിടിക്കുകയായിരുന്നു.
തുടർച്ചയായി തീ കത്തിയതോടെ രാജുവിന്റെ ബന്ധു കൂടിയായ പ്ലംബർ ശ്രീജിത്ത് പൈപ്പിൽ വെള്ളം നിറച്ച് തീ കെടുത്തുകയായിരുന്നു. രാത്രിയായതിനാൽ പണികൾ നിർത്തിവച്ചെങ്കിലും വാതകത്തിന്റെ സാന്നിധ്യം തുടരുന്നതിനാൽ തുടർന്നും കുഴൽ കിണർ കുഴിക്കാൻ വയ്യാതെ ആശങ്കയിലാണ് വീട്ടുകാരും ജോലിക്കാരും.
കുഴൽ കിണറിലൂടെ പുറത്തേക്കു വരുന്ന വാതകം പാചകത്തിന് എങ്ങനെ പ്രയോജനപ്പെടുത്താമെന്ന ആലോചനയിലാണ് വീട്ടുകാർ