കടുത്തുരുത്തി: വേനൽ കടുത്തതോടെ ജനം കുടിവെള്ളമില്ലാതെ നട്ടം തിരിയുന്പോഴും ഭൂജലവകുപ്പ് നിർമിച്ചിട്ടുള്ള കുഴൽക്കിണറുകൾ പലതും കാഴ്ച്ചവസ്തുക്കൾ. തകരാറിലായി കിടക്കുന്ന ഇവയുടെ അറ്റകുറ്റപ്പണികൾ നടത്തി ജനങ്ങൾക്ക് ഉപകാര പ്രദമാക്കുന്നതിനു നടപടിയില്ലാത്തതാണ് കുഴൽ കിണറുകൾ ഉപയോഗശൂന്യമാക്കിയത്. നിരവധി കുഴൽക്കിണറുകളാണ് ഉപയോഗശൂന്യമായി കിടക്കുന്നത്.
ശുദ്ധജലക്ഷാമം രൂക്ഷമായിരുന്ന പ്രദേശങ്ങളിലാണ് പതിറ്റാണ്ടുകൾ മുന്പ് തന്നെ വ്യാപകമായി കുഴൽക്കിണറുകൾ നിർമിച്ചത്. വാട്ടർ അഥോറിറ്റിയുടെ കുടിവെള്ള പദ്ധതികൾ ഇല്ലാതിരുന്ന സ്ഥലങ്ങളിൽ ജനങ്ങൾക്കു തുടക്കത്തിൽ ഇത് ഏറെ പ്രയോജനകരമായിരുന്നു. ഇതോടൊപ്പം പ്രധാനപ്പെട്ട ടൗണുകളിൽ ഹോട്ടലുകളുടെയും സർക്കാർ സ്ഥാപനങ്ങളുടെയും ശുദ്ധജലസ്രോതസും കുഴൽ കിണറുകളായിരുന്നു.
എന്നാൽ ഇവയുടെ അറ്റകുറ്റപ്പണികൾ സമയത്തു നടക്കാതെ വന്നതോടെ കുഴൽ കിണറുകൾ പലതും ഇപ്പോൾ നാശാവസ്ഥയിലാണ്. ജലക്ഷാമത്തിന് പരിഹാരം കാണാനാണ് നാടെങ്ങും കുഴൽക്കിണറുകൾ നിർമിച്ചത്. ത്രിതല പഞ്ചായത്തുകളുടെയും സർക്കാരിന്റെയും ഭൂഗർഭ ജലവകുപ്പിന്റെയും ഫണ്ട് ചെലവഴിച്ചായിരുന്നു ഇവയുടെ നിർമാണം. ഇവയിൽ പ്രവർത്തിക്കുന്നവ എത്രയുണ്ടെന്ന് ചോദിച്ചാൽ വ്യക്തമായ കണക്ക് ആരുടെയും കൈവശമില്ല. എത്ര കുഴൽക്കിണറുകൾ ഓരോ പഞ്ചായത്തിലും ഉണ്ടെന്നതിനും വ്യക്തതയില്ല.
കേടായവ നന്നാക്കുന്നതിന് എല്ലാ വരൾച്ചക്കാലത്തും തീരുമാനമെടുക്കും. ഭൂഗർഭ ജലവകുപ്പിനെയാണ് ഇതിനു ചുമതലപ്പെടുത്തുന്നത്. അവർ നേരിട്ടും കരാർ നൽകിയുമാണ് അറ്റകുറ്റപ്പണി നടത്തുന്നത്. മിക്കപ്പോഴും കരാർ നടപടി പൂർത്തിയാകുന്പോഴേക്കും മഴക്കാലമാകും. പിന്നീട് തട്ടിമുട്ടി പണി നടത്തി മടങ്ങും. അടുത്ത വരൾച്ചക്കാലമാകുന്പോൾ കുഴൽക്കിണറുകളുടെ സ്ഥിതി പഴയ നിലയിലാകും. മഴക്കാലത്തു കുഴൽ കിണറുകളിൽനിന്നു വെള്ളം എടുക്കുന്നവരുടെ എണ്ണം വളരെ കുറവാണ്.
പലതും ഇക്കാലയളവിൽ പ്രവർത്തിക്കാറില്ല. ഇതോടെ ഇവയുടെ ഹാൻഡിലും പന്പ് സെറ്റുകളും മറ്റ് യന്ത്രസാമഗ്രികളും തുരുന്പെടുത്തു നശിക്കും. പിന്നീട് ഇവയുടെ പ്രവർത്തനം നിശ്ചലമാകുമെന്നാണ് ഉപഭോക്താക്കൾ പറയുന്നത് വരൾച്ച ദുരിതാശ്വാസ പദ്ധതിയിൽ പെടുത്തി കുഴൽ കിണറുകളുടെ അറ്റകുറ്റപ്പണികൾ നടത്താൻ ത്രീതല പഞ്ചായത്തുകൾക്കു കഴിയുമെങ്കിലും വിരലിലെണ്ണാവുന്ന പഞ്ചായത്തുകൾ മാത്രമാണ് ഇക്കാര്യത്തിൽ അനുകൂല നടപടികൾ സ്വീകരിക്കുന്നത്.
20,000 മുതൽ മൂന്നുലക്ഷം വരെ മുടക്കി നിർമിച്ചിട്ടുള്ള കുഴൽക്കിണറുകളാണ് അറ്റകുറ്റപ്പണികളുടെ അഭാവത്തിൽ നാശവസ്ഥയിലുള്ളത്. വേനൽ രൂക്ഷമായിരിക്കെ ഭൂജലവകുപ്പും ത്രീതല പഞ്ചായത്തുകളും ചേർന്ന് തകരാറിലായി കിടക്കുന്ന കുഴൽ കിണറുകളുടെ അറ്റകുറ്റപ്പണികൾ നടത്തി ജലവിതരണം സുഗമമാക്കണമെന്ന ആവശ്യവും ശക്തമാണ്. ലക്ഷങ്ങൾ മുടക്കി നിർമിച്ച കുഴൽക്കിണറുകൾ നന്നാക്കുമെന്ന പതിവു പല്ലവി ഇത്തവണയും സർക്കാർ ആവർത്തിക്കുന്നുണ്ടെങ്കിലും നടപടികളൊന്നുമില്ല.
വൈക്കം മീനച്ചിൽ താലൂക്കുകളിലായി അഞ്ഞൂറിലധികം കുഴൽക്കിണറുകളുണ്ട്. ഇവയിൽ പ്രവർത്തിക്കുന്നവ 25 ശതമാനം പോലും വരില്ല. ബാക്കിയെല്ലാം വർഷങ്ങളായി നാശാവസ്ഥയിലാണ്. നിസാര തകരാറുകളാണ് പലതിനും. രണ്ടോ മൂന്നോ പൈപ്പുകൾ കൂടി നീട്ടിയിട്ടാൽ വെള്ളം കിട്ടുന്ന ഒട്ടേറെ കുഴൽക്കിണറുകളുമുണ്ട്. എന്നാൽ, ഇവ നന്നാക്കുന്നതിന് നടപടികളുണ്ടാകുന്നില്ല. വർഷങ്ങൾക്കു മുന്പ് കുഴിച്ചിട്ടിട്ടു ഹാൻഡിൽ പിടിപ്പിക്കാത്ത കുഴൽക്കിണറുകളും പലയിടത്തുമുണ്ട്. കേടായ കുഴൽക്കിണറുകൾ നന്നാക്കുന്നതിനുള്ള പട്ടിക ബന്ധപ്പെട്ട പഞ്ചായത്തുകളാണ് ജില്ലാ ഭരണകൂടത്തിന് നൽകുന്നത്.