ചെങ്ങാലൂർ : കുടിവെള്ളക്ഷാമം നേരിടുന്ന ചെങ്ങാലൂർ മേഖലയിൽ അനധികൃത കുഴൽ കിണർ നിർമാണം വ്യാപകമാകുന്നു. എട്ടാം വാർഡിലെ സൂര്യഗ്രാമം, മാട്ടുമല എന്നിവിടങ്ങളിലെ അഞ്ഞൂറ് മീറ്റർ ചുറ്റളവിലാണ് വ്യാപകമായി സ്വകാര്യ വ്യക്തികൾ കുഴൽ കിണർ നിർമിച്ചിരിക്കുന്നത്. ഉയർന്ന പ്രദേശമായ ഇവിടെ നൂറിലേറെ കുഴൽ കിണറുകളാണ് അനധികൃതമായി നിർമിച്ചിട്ടുള്ളത്.
പുതുക്കാട് പഞ്ചായത്തിന്റെയോ ഭൂഗർഭജല വകുപ്പിന്റെയോ അനുമതിയില്ലാതെയാണ് പറന്പുകളിൽ കിണറുകൾ നിർമിച്ചത്. ജനുവരി മുതലാണ് കുഴൽ കിണറുകൾ കുത്തി തുടങ്ങിയത്. 200 മുതൽ 400 അടി വരെ ആഴത്തിലാണ് കിണറുകൾ കുത്തുന്നത്.
ഇതു മൂലം സമീപ പ്രദേശത്തെ കിണറുകളും ജലസ്രോതസുകളും വറ്റിവരണ്ടിരിക്കുകയാണ്. ഭൂഗർഭ ജലനിരപ്പ് ഗണ്യമായി താഴ്ന്നതായ വകുപ്പിന്റെ സാക്ഷ്യപ്പെടുത്തൽ നിലനിൽക്കുന്ന സാഹചര്യത്തിലാണ് അനധികൃതമായ കുഴൽ കിണർ നിർമ്മാണം പെരുകുന്നത്.
ഒരു കുഴൽകിണർ കുത്തിയിട്ടും വെള്ളം ലഭിക്കാതെ വരുന്നവർ മറ്റൊരെണ്ണം കുത്തിയാണ് പരീക്ഷണങ്ങൾ നടത്തുന്നത്. ഇതു പോലെ ചില സ്വകാര്യ വ്യക്തികൾ പറന്പുകളിൽ ഒന്നിലേറെ കുഴൽ കിണറുകൾ കുത്തിയതായി നാട്ടുകാർ പറയുന്നു.
സമീപത്തെ കിണറുകൾ വറ്റുന്നതോടെ അവർകൂടി പുതിയതായി കുഴൽ കിണർ കുത്താൻ നിർബന്ധിതരാകുകയാണ്. ഭൂഗർഭ ജലസ്രോതസുകളെ വൻതോതിൽ ഉൗറ്റി വരൾച്ചയും കുടിവെള്ള ക്ഷാമവും രൂക്ഷമാക്കുന്ന കുഴൽ കിണർ നിർമാണം നിരോധിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ കളക്ടർക്ക് പരാതി നൽകി.
ഉപരിതല ജലസ്രോതസുകൾ പ്രയോജനപ്പെടുത്തി കിണറുകളിലെ നീരുറവകൾ പരിപോഷിപ്പിക്കുന്നതിനുള്ള നിർദേശങ്ങളടങ്ങിയ നോട്ടീസുകൾ നാട്ടുകാർ വീടുകളിൽ വിതരണം ചെയ്തുവരികയാണ്.