തൃശൂർ: തെരഞ്ഞെടുപ്പിനായി കൊണ്ടുവന്ന മൂന്നരക്കോടിയുടെ കുഴൽപണം തട്ടിയെടുത്തതുമായി ബന്ധപ്പെട്ട കേസിൽ പണം കൈമാറിയ ആളെക്കുറിച്ചു സൂചന.
കേരളത്തിനു പുറത്തുനിന്നാണ് ഇത്രയേറെ രൂപ കൊണ്ടുവന്നതെന്നും പണം കൊടുത്തുവിട്ട ആളെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും കേസുമായി ബന്ധപ്പെട്ടു കൂടുതല്‍പേരെ വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യുമെന്നും പോലീസ് പറഞ്ഞു.
ഇന്നലെ ചോദ്യം ചെയ്ത ധര്‍മരാജനെയും സുനില്‍ നായിക്കിനെയും വിട്ടയച്ചു. റിയല്‍ എസ്റ്റേറ്റ് ആവശ്യത്തിനുള്ള പണമാണ് നഷ്ടമായതെന്നായിരുന്നു പരാതിയില്‍ ധര്മരാജന് പറഞ്ഞിരുന്നത്.
എന്നാൽ, ദേശീയപാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കര്‍ണാടകയില്‍നിന്ന് എത്തിച്ച പണം കേരളത്തിലെ പല ജില്ലകളിലും വിതരണം ചെയ്യാന്‍ കൊണ്ടുപോകുംവഴിയാണ് നഷ്ടമായതെന്ന അഭ്യൂഹം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. കോണ്‍ഗ്രസും സിപിഎമ്മും ഈ ആരോപണമുന്നയിച്ചിരുന്നു.
ബിജെപിക്കെതിരെ ഉയര്‍ന്ന ആരോപണം ആര്‍എസ്എസ് തലത്തില്‍ അന്വേഷിക്കുമെന്നാണ് പാര്‍ട്ടി നേതൃത്വം പറഞ്ഞിരുന്നത്. പരാതി നല്കിയ ധര്‍മരാജനും സുഹൃത്ത് സുനില്‍നായിക്കും പാര്‍ട്ടിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണെന്ന തെളിവുകള്‍ പുറത്തുവന്നതു പാര്‍ട്ടിക്കു തിരിച്ചടിയായി.
90 ലക്ഷം കണ്ടെടുത്തു
25 ലക്ഷം രൂപ നഷ്ടപ്പെട്ടെന്ന പരാതിയിന്മേല് തുടങ്ങിയ അന്വേഷണത്തില്‍ 90 ലക്ഷം രൂപയോളം പലയിടത്തുനിന്നായി പോലീസ് കണ്ടെടുത്തിരുന്നു. കേസില്‍ മുഖ്യ പ്രതികളിലൊരാളായ രഞ്ജിത്തിന്റെ ഭാര്യ ദീപ്തിയെ കവര്‍ച്ചാ പണം ഒളിപ്പിച്ചെന്ന കുറ്റത്തിനു കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
തൃശൂര്‍-എറണാകുളം ദേശീയപാതയില്‍ കൊടകരയിൽവച്ച് കാറില്‍നിന്നു കവര്‍ന്ന പണം ഒളിപ്പിച്ചു വയ്ക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചതു ദീപ്തിയാണെന്നായിരുന്നു അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.
രഞ്ജിത്തിന്റെ തൃശൂര്‍ പുല്ലൂറ്റിലെ വീട്ടില്‍നിന്ന് കഴിഞ്ഞ ദിവസം 14 ലക്ഷം രൂപ കണ്ടെടുത്തിരുന്നു. തട്ടിയെടുത്ത പണം മുഖ്യ പ്രതികളായ രജ്ഞിത്തും മുഹമ്മദ് അലിയും പലർക്കായി വീതം വച്ചതായാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.
വീണ്ടും വിളിപ്പിക്കും
കേസില്‍ കൂടുതല്‍ ചോദ്യം ചെയ്യലിനായി ധര്‍മ്മരാജനേയും സുനില്‍ നായിക്കിനേയും വീണ്ടും പോലീസ് വിളിപ്പിക്കും. ഇന്നലെ രാവിലെ പതിനൊന്നരയോടെയും പിന്നീട് ഉച്ചകഴിഞ്ഞിട്ടുമായിരുന്നു ഇരുവരെയും ചോദ്യം ചെയ്തത്. തൃശൂര്‍ പോലീസ് ക്ലബില്‍ ചോദ്യം ചെയ്യാനായിരുന്നു ആദ്യം പദ്ധതിയെങ്കിലും ഇരുവരെയും രഹസ്യ കേന്ദ്രത്തിലെത്തിച്ചായിരുന്നു ചോദ്യം ചെയ്യല്‍.
റിയല്‍ എസ്റ്റേറ്റ് ബിസിനസ് ഇടപാടിന്റെ പണമാണ് നഷ്ടമായതെന്നും ഇതിന്റെ രേഖകള്‍ ഉണ്ടെന്നുമെല്ലാം നേരത്തെ ധര്‍മ്മരാജും സുനിലും പറഞ്ഞിരുന്നുവെങ്കിലും ഇതുവരെയും രേഖകള്‍ ഹാജരാക്കാന്‍ ഇവര്‍ക്കായിട്ടില്ല. കേസില്‍ ഇരുപതോളം പേര് കേരളത്തിന്റെ പല ഭാഗത്തു നിന്നായി ഇതുവരെ പോലീസിന്റെ പിടിയിലായിട്ടുണ്ട്.
നേരത്തെ റൂറല്‍ എസ്പി അന്വേഷിച്ചിരുന്ന ഈ കേസ് പിന്നീട് പ്രത്യേക അന്വേഷണസംഘത്തിനു കൈമാറി. കവര്‍ച്ച ആസൂത്രണം ചെയ്തത് തൃശൂരില്‍ വച്ചാണെന്നും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
കര്‍ണാടകയിലെ വന്‍കിട മദ്യലോബികൾ, ഖനി ലോബികള്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം വന്‍ തോതില്‍ പണം തെരഞ്ഞെടുപ്പിനായി പല സംസ്ഥാനങ്ങളിലേക്കും ഒഴുകിയിരുന്നതായി നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു. അതിൽ ഒരുപങ്കാണ് തൃശൂര്‍ വഴി ഒഴുകിയതെന്നാണ് കരുതുന്നത്. ഏപ്രില്‍ മൂന്നിനാണ് കൊടകരയില്‍ കേസിനാസ്പദമായ സംഭവമുണ്ടായത്.