തളിപ്പറമ്പ്: തളിപ്പറമ്പില്‍ വന്‍ കുഴല്‍പണ വേട്ട, ഒരാള്‍ അറസ്റ്റില്‍. ഇരുപത് ലക്ഷം രൂപ പിടിച്ചെടുത്തു. മോറാഴയിലെ പുതിയപുരയില്‍ ഷാനവാസ്(26)ആണ് അറസ്റ്റിലായത്. കണ്ണൂര്‍ ഡിവൈഎസ്പി പി.പി.സദാനന്ദന് ലഭിച്ച രഹസ്യ വിവരം അദ്ദേഹം തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാലിനെ അറിയിച്ചതിനെ തുടര്‍ന്ന് തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ് ഐ പി.എ.ബിനുമോഹനന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് ഷാനവാസിന്റെ വീട്ടിലെ ബെഡ്റൂമിലെ കട്ടിലിനടിയില്‍ സൂക്ഷിച്ച പണം കണ്ടെടുത്തത്.
2000 രൂപയുടെ ഏഴ് കെട്ടും 500 രൂപയുടെ 12 കെട്ടുമായിട്ടാണ് പണം ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസം കോഴിക്കോട് പോലീസ് കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ രഹസ്യമായി കുഴല്‍പണ റെയ്ഡ് നടത്തിയിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഇന്നലെ നടന്ന കുഴല്‍പണ വേട്ട. രണ്ട് വര്‍ഷമായി ഗള്‍ഫില്‍ ജോലിചെയ്യുന്ന ഷാനവാസ് മാങ്ങാട് സ്വദേശിയാണ്. മോറാഴയില്‍ താമസം തുടങ്ങിയിട്ട് ഒരു വര്‍ഷമാകുന്നതേയുള്ളൂ.
മലപ്പുറത്ത് നിന്നാണ് പണം എത്തിയതെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ പോലീസിനോട് പറഞ്ഞു. ഗള്‍ഫിലും ഹവാല റാക്കറ്റിന് കീഴില്‍ പണമിടപാട് നടത്തിയിരുന്ന ഷാനവാസ് നാട്ടിലെത്തിയതിന് ശേഷമുള്ള രണ്ടാമത്തെ പണമിടപാടാണ് ഇതെന്ന് പോലീസിനോട് സമ്മതിച്ചു. മലപ്പുറത്ത് നിന്നും വീട്ടിലെത്തിക്കുന്ന പണം ഫോണ്‍ വഴി വിവരം ലഭിക്കുന്നത് പ്രകാരം ആവശ്യക്കാര്‍ക്ക് എത്തിക്കുകയാണ് പതിവ്
. ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു പോലീസ് ഷാനവാസിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയത്. തളിപ്പറമ്പിലെ ചിലര്‍ക്ക് വിതരണം ചെയ്യുന്നതിനാണ് പണം എത്തിച്ചതെന്ന് പോലീസിന് വ്യക്തമായിട്ടുണ്ട്. ഇതേക്കുറിച്ച് അന്വേഷണം നടന്നുവരികയാണ്. മലപ്പുറം ജില്ലയില്‍ നിന്നും അടുത്തകാലത്തായി തളിപ്പറമ്പിലേക്ക് വന്‍തോതില്‍ കള്ളപ്പണം എത്തുന്നതിനേക്കുറിച്ച് കേന്ദ്ര ഏജന്‍സികള്‍ക്കും വിവരം ലഭിച്ചിട്ടുണ്ട്.
വന്‍തോതില്‍ നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്ന ചിലര്‍ നിരീക്ഷണത്തിലാണെന്ന് പോലീസ് സൂചിപ്പിച്ചു. എഎസ് ഐ സുരേഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മുസ്തഫ, ഡ്രൈവര്‍ നവാസ്, വനിതാ പോലീസ് ടി.വി.ഷൈനി എന്നിവരും റെയ്ഡ് നടത്തിയ സംഘത്തിലുണ്ടായിരുന്നു.