പത്തനംതിട്ട: 3.5 കോടി രൂപയുടെ കുഴല്‍പ്പണക്കേസിലെ അന്വേഷണം കോന്നിയിലുമെത്തി. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്ന കോന്നി മണ്ഡലം കേന്ദ്രീകരിച്ചാണ് അന്വേഷണം.
തെരഞ്ഞെടുപ്പുകാലത്ത് സുരേന്ദ്രന് താമസിച്ചിരുന്ന കോന്നിയിലെ ലോഡ്ജിലാണ് ഇന്നലെ അന്വേഷണം നടന്നത്.സുരേന്ദ്രന്റെ സെക്രട്ടറി ദിലീപിനെ ചോദ്യം ചെയ്യുന്നതിനു മുന്നോടിയായിരുന്ന ഇന്നലെ കോന്നിയില്‍ അന്വേഷണം നടത്തിയത്.
2019ലെ ലോക്സഭ, പിന്നീട് നിയമസ ഉപതെരഞ്ഞെടുപ്പ് തുടങ്ങി തുടര്‍ച്ചയായ മൂന്നാമത്തെ തെരഞ്ഞെടുപ്പായിരുന്നു കോന്നിയില്‍ ഇത്തവണ സുരേന്ദ്രന് നേരിട്ടത്.
കോന്നിയിലെ തെരഞ്ഞെടുപ്പു പ്രചാരണത്തിന് ചെലവഴിച്ച പണത്തിന്റെ ഉറവിടം സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്.തെരഞ്ഞെടുപ്പുകാലത്ത് സുരേന്ദ്രന് നടത്തിയ ഹെലികോപ്ടര്‍ യാത്ര വിവാദമായിരുന്നു.
മഞ്ചേശ്വരത്തും മത്സരിച്ച സുരേന്ദ്രന് കോന്നിയിലേക്ക് പ്രചാരണത്തിന് എത്തിയത് ഹെലികോപ്ടറിലായിരുന്നു. തെരഞ്ഞെടുപ്പുകാലത്ത് ബിജെപി വന്‍തോതില്‍ പണം ചെലവഴിച്ചതു സംബന്ധിച്ച് അന്നേ ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു.
ഇതു സംബന്ധിച്ച തെളിവുകള്‍ ശേഖരിക്കുന്ന തിരക്കിലാണ് കൊടകരയിലെ കുഴല്‍പ്പണക്കേസ് അന്വേഷിക്കുന്ന സംഘം.
കോന്നിയില്‍ ഇത്തവണ സുരേന്ദ്രന് മത്സരിച്ചതു പാര്‍ട്ടിക്ക് ഗുണകരമായില്ലെന്ന അഭിപ്രായം നിലനില്ക്കവേയാണ് കുഴല്‍പ്പണ കേസ് വിവാദവും പൊങ്ങിവരുന്നത്.
2019 ലോക്സഭ, ഉപതെരഞ്ഞെടുപ്പുകളില്‍ കോന്നിയില്‍ സുരേന്ദ്രനു ലഭിച്ചതിനേക്കാള്‍ ഇത്തവണ വോട്ട് കുറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി വരെ പ്രചാരണത്തിനെത്തിയിട്ടും വോട്ട് വര്‍ധനയുണ്ടായില്ല.
പാര്‍ട്ടിക്കുള്ളിലെ ആക്ഷേപങ്ങള്‍ ശക്തിപ്പെട്ടു നില്‍ക്കുന്നതിനിടെയാണ് ഇപ്പോള്‍ കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട ആരോപണങ്ങളും ഉയരുന്നത്.