സ്വന്തം ലേഖകൻ
തൃശൂർ: സിപിഎം പ്രതിക്കൂട്ടിലായ സ്വർണക്കള്ളക്കടത്തു കേസ് ഒതുക്കിത്തീർക്കാനാണ് ബിജെപി നേതാക്കൾ പ്രതികളായ കൊടകര കുഴൽപ്പണക്കേസ് സംസ്ഥാന സർക്കാർ ഒതുക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
കൊടകര കുഴൽപ്പണക്കേസിന്റെ അന്വേഷണം അനിശ്ചിതമായി നീണ്ടുപോകുകയാണ്. ഉത്തരവാദികളിലേക്ക് അന്വേഷണം പോകുന്നില്ല. ബിജെപിയുമായി ഒത്തുതീർപ്പുണ്ടാക്കുന്ന വിധത്തിലാണ് അന്വേഷണം.
സ്വർണക്കള്ളക്കടത്തു കേസ് അന്വേഷണം കേന്ദ്ര ഏജൻസികൾ അവസാനിപ്പിച്ചിരിക്കുന്നു. കേന്ദ്ര സർക്കാർ ഭരിക്കുന്ന ബിജെപിയും സംസ്ഥാന സർക്കാർ ഭരിക്കുന്ന സിപിഎമ്മും വിലപേശി കേസുകൾ ഒത്തുതീർക്കുകയാണ്.
രാഷ്ട്രീയ കൊലപാതകം, കള്ളക്കടത്ത്, സ്ത്രീപീഡനം എന്നിങ്ങനെയുള്ള കുറ്റകൃത്യങ്ങൾ നടത്തുന്നവരെ സിപിഎം സംരക്ഷിക്കുന്നു.
പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികളുടെ ഭാര്യമാർക്കു നിയമനത്തിന് ഒന്നാം റാങ്കും തൊഴിലും നൽകി സംരക്ഷിക്കുന്നു. ഈ നയംമൂലമാണ് കേരളത്തിൽ ക്രമിനൽ ആക്രമണങ്ങൾ വർധിക്കുന്നത്.
തിരുവനന്തപുരത്തെ ഏജീസ് ഓഫീസിലെ രണ്ട ഉദ്യോഗസ്ഥർക്കെതിരേയും ആക്രമണമുണ്ടായി. മുഖ്യമന്ത്രിയുടെ ഓഫീസിനു തൊട്ടരികിലാണ് ഈ സംഭവം. കൊള്ളസംഘങ്ങളെ സംരക്ഷിക്കുകയും പിന്തണയ്ക്കുകയും ചെയ്യുന്ന നയം തിരുത്തണം.
വനംകൊള്ള കേസിൽ യഥാർഥ പ്രതികളെ സംരക്ഷിക്കുകയും കർഷകരേയും ആദിവാസികളേയും കബളിപ്പിക്കുകയും ചെയ്യുന്നു. കർഷർക്കും ആദിവാസികൾക്കും എതിരേ കേസെടുക്കുന്നു.
നിയമപരമായി മരങ്ങൾ മുറിക്കുന്നവരെ ഭീഷണിപ്പെടുത്തുകയാണ്. ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും ഒത്തുകളിച്ചാണ് കേരളം കണ്ടതിൽവച്ച് ഏറ്റവും വലിയ വനംകൊള്ള നടന്നത്.
ടി.പി. ചന്ദ്രശേഖരൻ കൊലക്കേസിലെ പ്രതികൾ ജയിലിൽ കിടന്നുകൊണ്ട് കള്ളക്കടത്ത് അടക്കമുള്ള ക്രിമിനൽ കുറ്റങ്ങൾ ചെയ്യുന്നു. അവർക്കു ജയിൽ അധികൃതർ ഫോണ് അടക്കമുള്ള സൗകര്യങ്ങൾ നൽകിയിരിക്കുന്നു.
രഹസ്യങ്ങൾ പുറത്തു പറയുമെന്നു ഭയന്നാണ് അവരെ സിപിഎം സംരക്ഷിക്കുന്നത്.മാവോയിസ്റ്റ് വേട്ടയുടെ പേരിൽ എൽഡിഎഫ് സർക്കാർ നടത്തിയതെല്ലാം വ്യാജ ഏറ്റുമുട്ടലകളാണ്.
ഉത്തരേന്ത്യയിൽ നടക്കുന്നതുപോലെ വ്യാജഏറ്റുമുട്ടലുകളിലൂടെ വെടിവച്ചുകൊല്ലുന്ന നയമാണ് നടപ്പാക്കിയത്. തൃശൂർ ഡിസിസി പ്രസിഡന്റ് എം.പി. വിൻസെന്റ്, കെപിസിസി വൈസ് പ്രസിഡന്റ് പദ്മജ വേണുഗോപാൽ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.