അടൂർ: അടൂരിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നടത്തിയ വാഹനപരിശോധനയ്ക്കിടെ കണക്കിൽപെടാത്ത 7.50 ലക്ഷം രൂപ പിടികൂടി. ഇന്നലെ രാത്രി അടൂർ ബൈപാസിൽ അടൂർ നഗരസഭ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഫ്ളൈയിംഗ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്.
തിരുവനന്തപുരത്തേക്കുള്ള യാത്രയിലായിരുന്ന വാഹനത്തിൽ നിന്നാണ് പണം കണ്ടെത്തിയത്. തിരുവല്ലയിൽ നിന്ന് ഇന്നലെ കണക്കിൽപെടാത്ത ഒരു ലക്ഷം രൂപ പിടികൂടിയിരുന്നു. പിടികൂടുന്ന പണം ട്രഷറിയിൽ സൂക്ഷിക്കും. കൃത്യമായ കണക്ക് ഹാജരാക്കുന്നവർക്ക് പണം തിരികെ ലഭിക്കും.
അനധികൃതമെന്നു ബോധ്യപ്പെട്ടാൽ നിയമനടപടികൾ തുടരും. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പണം, മദ്യക്കടത്ത് ഇവ തടയുന്നതിനായി രൂപീകരിച്ച സ്ക്വാഡുകൾ ജില്ലയൊട്ടാകെ പ്രവർത്തനം സജീവമാക്കിയിട്ടുണ്ട്.