തളിപ്പറമ്പ് : സ്കൂട്ടറില്‍ കടത്തുകയായിരുന്ന മൂന്ന് ലക്ഷം രൂപയുടെ കുഴല്‍പ്പണം ഹൈവേ പോലീസ് പിടികൂടിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി. ഇന്നലെ അറസ്റ്റിലായ മുഹമ്മദ് നിയാസിനെയും സൽമാനുൽ ഹാരിസിനെയും ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ മലപ്പുറം സ്വദേശി മുനീറിനെ പോലീസും എൻഫോഴ്സ്മെന്റ് വിഭാഗവും അന്വേഷിച്ചുവരികയാണ്.
മുനീറിന്റെ സഹായികളെയാണ് ഇന്നലെ വൈകുന്നേരം പിലാത്തറ പെട്രോള്‍ പമ്പിനടുത്ത് ദേശീയപാതയില്‍ ഹൈവേ പോലീസ് വാഹന പരിശോധനയ്ക്കിടെ പിടികൂടിയത്. ഇവർ മലപ്പുറം പാറക്കടവിൽ നിന്ന് കാസര്‍ഗോട്ടേക്ക് പോവുകയായിരുന്നു. കെഎല്‍ 65 ഇ 3323 നമ്പര്‍ ആക്ടീവ സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ഇവരെ സംശയത്തിന്റെ അടിസ്ഥാനത്തിൽ പരിശോധിച്ചപ്പോഴാണ് രേഖകളില്ലാത്ത മൂന്നു ലക്ഷം രൂപ കണ്ടെടുത്തത്.
ഇവര്‍ കുഴല്‍പ്പണം കടത്ത് സംഘത്തിലെ പ്രധാന കണ്ണികളാണെന്ന് പോലീസ് പറഞ്ഞു. പലതവണ മലപ്പുറത്തുനിന്നും കാസര്‍ഗോട്ടേക്ക് ഇവര്‍ കുഴല്‍പ്പണം കടത്തിയതായി വ്യക്തമായിട്ടുണ്ട്. ഇരുവരേയും തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി. വേണുഗോപാലിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തുവരികയാണ്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.