കോഴിക്കോട്: ഇലക്ഷൻ കുഴൽപണ വിവാദം കത്തിനിൽക്കുന്നതിനിടയിൽ സിഡിഎം വഴി വൻ കുഴൽപണമാറ്റം നടക്കുന്നതായി കണ്ടെത്തൽ.ലോക്ക്ഡൗൺ മറവിലാണ് സിഡിഎം വഴി വൻ തോതിൽ അനധികൃത പണമിടപാടുകൾ നടക്കുന്നത്. ഇതേത്തുടർന്നു പോലീസ് ഓപറേഷന് ക്യൂബ് എന്ന പദ്ധതി ആവിഷ്കരിച്ചു. സിഡിഎം കൗണ്ടറുകള്‍ കേന്ദ്രീകരിച്ചു പോലീസ് നിരീക്ഷണം ശക്തമാക്കി.
മുഴുവന്‍ സിഡിഎം കൗണ്ടറുകളുടെ വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. ഇവിടെസമീപകാലത്ത് പണിമിടപാടുകള്‍ നടത്തിയവരുടെ വിവരങ്ങളും പോലീസ് ശേഖരിച്ചുവരികയാണ്. കൗണ്ടറിലെ സിസിടിവി കാമറകളും പോലീസ് പരിശോധിക്കും. ഇതിനായി ബാങ്കുകളുടെ സഹായവും തേടിയിട്ടുണ്ട്.
വരും ദിവസങ്ങളില്‍ പിടികൂടിയ പണം കൈമാറിയത് ആരെല്ലാമാണെന്നതു സംബന്ധിച്ചുള്ള അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു. ഇന്നലെ 58 സിഡിഎം കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയില്‍ 35,93,400 രൂപയാണ് പിടികൂടിയത്.
മൂന്നുപേർ പിടിയിൽ
കോഴിക്കോട് നടക്കാവ് പോലീസാണ് സിഡിഎം (കാഷ് ഡെപ്പോസിറ്റ് മെഷീന് ) വഴി കുഴല്‍പണ ഇടപാടുകള്‍ നടത്താനെത്തിയ മൂന്നുപേരെ പിടികൂടിയത്. കൊടുവള്ളി സൗത്ത് ഇടക്കണ്ടിയില്‍ മുഹമ്മദ് ജിര്‍ഷാദ് (24), കുന്നമംഗലം പിലാശേരി ചുണ്ടക്കുയില് അജ്മല്‍ റോഷന്, അന്നശേരി പുതുക്കുടി മീത്തല്‍ ബാസിത് (37) എന്നിവരാണ് പിടിയിലായത്. ഇവരില്‍നിന്ന് 19,43,400 രൂപ പിടിച്ചെടുത്തു .
ജിര്‍ഷാദ് വയനാട് റോഡിലെ എസ്ബിഐയുടെ സിഡിഎം കൗണ്ടറിനു സമീപത്തുനിന്നാണ് പിടിയിലായത്. 4,57,500 രൂപയാണ് പിടികൂടിയത്. അജ്മല്‍ റോഷന് 11,25,700 രൂപയുമായി അരയിടത്ത്പാലത്തെ എച്ച്ഡിഎഫ്സി ബാങ്കിന്റെ കൗണ്ടറില്‍ നിക്ഷേപിക്കാനായെത്തിയപ്പോഴാണ് പിടിയിലായത്.
കനറാബാങ്കിന്റെ വെസ്റ്റ്ഹില്‍ ശാഖയില്‍നിന്നാണ് ബാസിതിനെ പോലീസ് പിടികൂടിയത്. 3,60,200 രൂപയും പിടിച്ചെടുത്തു. മൂന്നുപേരിലും പണത്തിന്റെ ഉറവിടം വ്യക്തമാക്കുന്ന രേഖകളില്ലായിരുന്നു.
പണം കൈമാറിയവർ
അതേസമയം. യുവാക്കൾ കാരിയർമാർ മാത്രമാണെന്നാണ് പോലീസ് കരുതുന്നത്.പണം യുവാക്കള്‍ക്ക് കൈമാറിയവരെയും തിരയുകയാണ്.
നടക്കാവ് എസ്ഐ നിയാസ്, എഎസ്ഐ മനോജ് കുമാര്‍, സീനിയര്‍ സിവില്‍ പോലീസുകാരായ ശ്രീകാന്ത്, ശ്രീഹരി, ഗിരീഷ്, മനീഷ്, സിവില്‍ പോലീസ് ഓഫീസറായ റിജീഷ് എന്നിവരടങ്ങുന്ന സംഘമായിരുന്നു പരിശോധന നടത്തിയത്.
പന്തീരാങ്കാവ് പോലീസ് നടത്തിയ പരിശോധനയിലാണ് 16,5000 രൂപ പിടികൂടിയത്. പണം നിക്ഷേപിക്കാനെത്തിയ സംഘം പോലീസിനെ കണ്ടതോടെ പണമടങ്ങിയ ബാഗ് ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.
സിഡിഎം സാധ്യതകൾ
ലോക്ക്ഡൗണിൽ പോലീസിന്റെ പരിശോധന ശക്തമാക്കിയതോടെയാണ് കുഴല്‍പ്പണ ഇടപാടുകാർ സിഡിഎം വഴി പണം കൈമാറാന്‍ ആരംഭിച്ചത്. അക്കൗണ്ട് നമ്പര്‍ ലഭിച്ചാല്‍ ആ നമ്പറിലേക്കു പണമിടുന്നതാണ് രീതി.
ഇടപാടിനു സ്വീകരിക്കുന്നയാളുടെ അക്കൗണ്ട് നമ്പര്‍ മാത്രം മതി. അധികൃതരുടെയും അധികം ശ്രദ്ധയിൽ വരാത്ത രീതിയിലാണ് ഈ പണമിടപാടുകൾ. ശ്രദ്ധയിൽപ്പെട്ടാൽ തന്നെ സങ്കീർണമായ നടപടികൾ വേണ്ടി വരും ഇടപാടുകാരെ കണ്ടെത്താൻ. പരാതികൾ ഉണ്ടെങ്കിൽ മാത്രമേ പലപ്പോഴും ഇത്തരം കാര്യങ്ങളിൽ പരിശോധനയും നടക്കാറുള്ളൂ.
ഇക്കാരണത്താലാണ് കുഴല്‍പ്പണം കൈമാറുന്ന സംഘം സിഡിഎം വഴി പണമിടപാടു നടത്തുന്നത്. കഴിഞ്ഞ ദിവസം സിഡിഎം വഴി കുഴല്‍പ്പണ ഇടപാട് നടത്തിയ കേസില്‍ മെഡിക്കല്‍ കോളജ് പോലീസ് കൊടുവള്ളി സ്വദേശികളായ യുവാക്കളെ പിടികൂടിയിരുന്നു.
ഇവരില്‍ നിന്നു കൂടുതല്‍ പേര് ഇത്തരത്തില്‍ സിഡിഎം ഉപയോഗിച്ചു കുഴല്‍പണ കൈമാറ്റം നടത്തുന്നതായി പോലീസിനു വ്യക്തമായി.ശേഖരിക്കുന്ന പണം കൃത്യമായി ഉടമയുടെ കൈകളിലെത്തിക്കുക മാത്രമായിരുന്നു ഇവരുടെ ചുമതല. കൈമാറുന്ന പണത്തിനനുസരിച്ചാണ് കമ്മീഷന് നിശ്ചയിച്ചിരുന്നത്.
കള്ളപ്പണ ഇടപാടായതിനാല്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, ഇന്‍കംടാക്സ് എന്നിവിടങ്ങളിലേക്കു പോലീസ് റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്.