സ്വന്തം ലേഖകന്‍
കോഴിക്കോട് : സിഡിഎം വഴിയുള്ള കുഴല്‍പ്പണ കൈമാറ്റവുമായി ബന്ധപ്പെട്ടുള്ള പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് (എഫ്ഐആര്‍) എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു കൈമാറി.
കോഴിക്കോട് സിറ്റിയിലെ മൂന്നു പോലീസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്ത കേസുകളുടെ വിവരങ്ങള്‍ സഹിതമുള്ള റിപ്പോര്‍ട്ടാണ് എന്‍ഫോഴ്സ്മെന്റിനു കൈമാറിയത്.
പ്രാഥമിക അന്വേഷണത്തിന് ശേഷം കേസ് എന്‍ഫോഴ്സ്മെന്റ് കേസ് ഏറ്റെടുക്കുമെന്നാണ് വിവരം. അതുവരെ അന്വേഷണം ലോക്കല്‍ പോലീസ് തുടരും.
കുഴല്‍പണം പിടികൂടിയ സംഭവത്തില്‍ അറസ്റ്റിലായവരില്‍നിന്നു നിര്‍ണായക വിവരങ്ങള്‍ അന്വേഷണസംഘത്തിനു ലഭിച്ചിട്ടുണ്ട്.
കൊടുവള്ളി സംഘം
കൊടുവള്ളി കേന്ദ്രീകരിച്ചുള്ള സംഘമാണ് കുഴല്‍പ്പണ ഇടപാടിനു പിന്നിലുള്ളതെന്നാണു കണ്ടെത്തല്‍. പിടിയിലായവരില്‍നിന്നു കണ്ടെടുത്ത രേഖകളും ഫോണില്‍നിന്നു ലഭിച്ച തെളിവുകളും കൊടുവള്ളി കേന്ദ്രീകരിച്ചുള്ള സംഘത്തിലേക്കാണ് നയിക്കുന്നത്.
കോഴിക്കോട് സിറ്റിയിലും കൊടുവള്ളിയിലുമുള്ള യുവാക്കളാണു കൂടുതലായും പണമിടപാടുകള്‍ നടത്തുന്നത്. ലോക്ക്ഡൗണില്‍ പോലീസ് പരിശോധന ഭയന്ന് അതിരാവിലെയാണ് കൊടുവള്ളിയിലെത്തി ഏജന്റുമാരായ യുവാക്കള്‍ പണം വാങ്ങുന്നത്.
ഇവ പിന്നീടു കോഴിക്കോട് നഗരത്തിലെ തിരക്കു കുറഞ്ഞ സ്ഥലങ്ങളിലെ സിഡിഎം കൗണ്ടറുകള്‍ വഴി കൈമാറുകയാണ് ചെയ്യുന്നത്.
കുറഞ്ഞ തുകകൾ
അയച്ചുകൊടുക്കേണ്ടവരുടെ അക്കൗണ്ട് നമ്പറുകള്‍ പണത്തിനൊപ്പം ഇവര്‍ക്കു നല്‍കും. കൂടുതല്‍ തുക ഓരേ അക്കൗണ്ടിലേക്ക് അയച്ചുകൊടുക്കാതെ വീട്ടിലെ മറ്റുള്ളവരുടെ അക്കൗണ്ടിലേക്കും അടുത്ത ബന്ധുക്കളുടെ അക്കൗണ്ടിലേക്കുമാണ് അയയ്ക്കാറുള്ളതെന്നും പിടിയിലായ പ്രതികള്‍ പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്.
കാര്‍ഡില്ലാത്ത പണമിടപാടുകളാണ് ഇവര്‍ കൂടുതലായും നടത്തുന്നത്. കുഴല്‍പ്പണ കൈമാറ്റം വ്യാപകമായ തോതില്‍ നടക്കുന്നുണ്ടെന്നതിന്റെ അടിസ്ഥാനത്തില്‍ ഓപറേഷന് ക്യൂബുമായി പോലീസ് സജീവമായി രംഗത്തുണ്ട്.
കോഴിക്കോട് നഗരത്തിലേയും റൂറല്‍ പരിധിയിലെയും സിഡിഎം കൗണ്ടറുകള്‍ കേന്ദ്രീകരിച്ചു പോലീസ് നിരീക്ഷണവും ശക്തമാക്കി. കഴിഞ്ഞ ദിവസം 58 സിഡിഎം കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയില്‍ 35,93,400 രൂപയാണ് പിടികൂടിയത്.