സ്വന്തം ലേഖകൻ
തൃശൂർ: കുഴൽപ്പണക്കവർച്ചക്കേസിൽ അന്തർ സംസ്ഥാന ബന്ധങ്ങൾ ഉണ്ടെന്ന് പോലീസ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു നൽകിയ റിപ്പോർട്ടിൽ പറയുന്നു. പ്രതികൾക്കു ബിജെപി ബന്ധമുണ്ടെന്ന പരാമർശംപോലും പോലീസിന്റെ റിപ്പോർട്ടിൽ ഇല്ല.
പരാതിക്കാരനായ ധർമരാജൻ കടത്തിക്കൊണ്ടുവന്ന പണം കൈപ്പറ്റിയിട്ടുണ്ടെന്ന് ബിജെപി നേതാവ് കുറ്റസമ്മതം നടത്തിയിട്ടുണ്ടെന്ന് പോലീസ് പറയുന്നുണ്ടെങ്കിലും ഇക്കാര്യം റിപ്പോർട്ടിൽ ഇല്ല.
അന്വേഷണത്തിന്റെ ഭാഗമായി നടന്ന വിവര ശേഖരണത്തിന്റെ ഭാഗമായി പോലീസ് ബിജെപി നേതാവിനെയും വിളിപ്പിച്ചിരുന്നു. ബിസിനസ് ആവശ്യങ്ങൾക്കും മറ്റുമായി പണം വായ്പയായി വാങ്ങിയതാണെന്നാണ് ഇദ്ദേഹം അറിയിച്ചത്.
എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്താനാണ് തീരുമാനം. പരാതിയിലും എഫ്ഐആറിലും രേഖപ്പെടുത്തിയതിനേക്കാൾ തുക കണ്ടെടുത്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു.
25 ലക്ഷം രൂപ കവർച്ച ചെയ്യപ്പെട്ടെന്നായിരുന്നു ധർമ്മരാജന്റെ പരാതി. എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത് ഈ തുകയാണ്. എന്നാൽ മൂന്നരക്കോടി രൂപ കാറിൽ ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
കേസന്വേഷണത്തിൽ എൻഫോഴ്സ്മെന്റ് ഇടപെടലുകൾ ഉണ്ടാകുമെന്ന് ആശങ്കയുള്ള പോലീസ് അന്വേഷണവും നടപടികളും അതിവേഗം പൂർത്തിയാക്കാനുള്ള നീക്കത്തിലാണ്.
കവർച്ച സംഘത്തിന് വിവരം ചോർത്തി നൽകിയ റഷീദിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. വിവിധയാളുകളെ പണം ഏൽപിച്ചതായാണ് റഷീദ് മൊഴി നൽകിയത്.
കവർച്ച ചെയ്ത പണം പലർക്കായി വീതിച്ചെന്നു മൊഴി
തൃശൂർ: കൊടകര കുഴൽപ്പണ കേസിൽ കവർച്ച ചെയ്ത പണം പലർക്കായി വീതിച്ചെന്നു പ്രതികളിൽ ഒരാളായ റഷീദിന്റെ മൊഴി.
കവര്‍ച്ച കേസിന്റെ അന്വേഷണം അവസാന ഘട്ടത്തിലേക്ക് കടക്കുന്ന സമയത്താണ് കൂടുതൽ പേർ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് സംശയം ഉണർത്തുന്ന ഈ മൊഴി പുറത്തുവരുന്നത്. ഇതിനിടെ കവര്‍ച്ച തുകയിലെ നാല് ലക്ഷം രൂപ കൂടി പ്രതികള്‍ ഹാജരാക്കി. ബഷീറും രഞ്ജിത്തുമാണ് പണം ഹാജരാക്കിയത്.