തൃശൂർ: തിരൂർ സതീഷിന്റെ വെളിപ്പെടുത്തലിനു പിന്നിൽ ആന്റോ അഗസ്റ്റിനെന്ന് ശോഭ സുരേന്ദ്രൻ.ആന്റോ അഗസ്റ്റിനെതിരെയും തിരൂർ സതീഷിനെതിരെയും മാനനഷ്ടക്കേസ് കൊടുക്കുമെന്നും ശോഭ സുരേന്ദ്രൻ തൃശൂരിൽ നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു. ഉന്നയിക്കപ്പെട്ട ആരോപണങ്ങളിൽ തെളിവ് പുറത്തുവിടണമെന്നും അവർ ആവശ്യപ്പെട്ടു.
ആന്റോ പറഞ്ഞത് അഞ്ഞൂറു തവണയെങ്കിലും താനവരുടെ വീട്ടിൽ പോയെന്നാണ്, എന്നാൽ രണ്ടു പൂജ്യം വെട്ടി അഞ്ചു തവണയെങ്കിലും വന്നെന്ന് തെളിയിക്കാൻ താൻ വെല്ലുവിളിക്കുന്നുവെന്ന് ശോഭ പറഞ്ഞു. ആന്റോ അഗസ്റ്റിൻ മാംഗോ ഫോണുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലകളിൽ നിന്ന് കോടികൾ തട്ടിയിട്ടുണ്ടെന്നും എത്ര കേസുകൾ ഉണ്ടെന്ന് അന്വേഷിക്കണമെന്നും പൊന്നാനി പീഡനക്കേസ് ആന്റോ അഗസ്റ്റിൻ കെട്ടിച്ചമച്ചതാണെന്നും ശോഭ ആരോപിച്ചു.
പൊന്നാനി കേസിൽ ആരോപണം ഉന്നയിക്കാൻ ആന്റോ പണം വാഗ്ദാനം ചെയ്തുവെന്നും ആന്റോ കളിക്കുന്നത് നിലവാരമില്ലാത്ത കളിയാണെന്നും ശോഭ പറഞ്ഞു.ബിജെപി പ്രവേശനം ആവശ്യപ്പെട്ട് തന്നെ ആന്റോ അഗസ്റ്റിൻ സമീപിച്ചുവെന്ന് പറഞ്ഞ ശോഭ സുരേന്ദ്രൻ ആന്റോയ്ക്ക് ഗോകുലം ഗോപാലനുമായി എന്താണു ബന്ധമെന്നും ചോദിച്ചു.
പിണറായിയുടെ പിന്തുണയോടെ നെറികേടുമായി തന്റെയടുത്ത് വരരുതെന്നും അങ്ങിനെ വന്നാൽ ദുർഗയെപോലെ ഇരിക്കാൻ മാത്രമല്ല കാളിയെപോലെ പെരുമാറാനും തനിക്കറിയാമെന്ന് ശോഭ ഓർമിപ്പിച്ചു.ആഡംബര ഹോട്ടലിൽ താമസിച്ചുവെന്ന ആരോപണത്തിനു തെളിവ് തരണമെന്നും ആലപ്പുഴ തെരഞ്ഞെടുപ്പിൽ തന്നെ തോൽപിക്കാൻ ഇതുപോലെ ഗൂഢാലോചന നടന്നെന്നും അവർ പറഞ്ഞു.
ഒറ്റത്തന്തയ്ക്ക് പിറന്നവനാണെങ്കിൽ ആന്റോ അഗസ്റ്റിൻ ആരോപണങ്ങൾ തെളിയിക്കണമെന്നും അവർ പറഞ്ഞു. കേരളത്തിൽ പല കള്ളൻമാരേയും കണ്ടിട്ടുണ്ട്. എന്നാൽ കള്ളൻമാരിൽ കാട്ടുകള്ളനാണ് ആന്റോ. വയനാട് ദുരന്തത്തിലും ആന്റോ മുതലെടുപ്പ് നടത്തുന്നുണ്ടെന്നും 150 ഏക്കർ വിട്ടുകൊടുക്കുമെന്ന് പറയുന്നതിലും ഗൂഢലക്ഷ്യങ്ങളുണ്ടെന്നും ശോഭ പറഞ്ഞു.
തിരൂർ സതീഷിന്റെ വീട്ടിൽ പോയിട്ടില്ലെന്നും തന്റെ സഹോദരിയുടെ വീട്ടിൽവെച്ചെടുത്ത ഫോട്ടോയാണിതെന്നും ഒന്നരവർഷത്തെ പഴക്കമുള്ള ഫോട്ടോയാണിതെന്നും അസുഖബാധിതയായ തന്റെ അമ്മയെ കാണാനെത്തിയപ്പോൾ എടുത്ത ഫോട്ടോയാണിതെന്നും ശോഭ ആവർത്തിച്ചു.