തളിപ്പറമ്പ്: മോറാഴ സ്വദേശി ഷാനവാസില്‍ നിന്നും 20 ലക്ഷം രൂപയുടെ കള്ളപ്പണം പിടിച്ചെടുത്ത സംഭവത്തില്‍ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ രണ്ടിന് രാത്രിയിലാണ് തളിപ്പറമ്പ് എസ്ഐ പി.എ.ബിനുമോഹന്റെ നേതൃത്വത്തിലുള്ള പോലീസ് മോറാഴ സെന്‍ട്രലിലെ ഷാനവാസിന്റെ വീട്ടിലെ കിടപ്പുമുറിയിലെ കട്ടിലിനടിയില്‍ നിന്നും പണം കണ്ടെടുത്തത്. മലപ്പുറം കേന്ദ്രീകരിച്ച് തളിപ്പറമ്പിലേക്ക് വ്യാപകമായി കുഴല്‍പ്പണം എത്തിക്കുന്ന ഏജന്റുമാരെക്കുറിച്ച് കോഴിക്കോട് പോലീസ് അന്വേഷണം നടത്തിയതിന്റെ തുടര്‍ച്ചയായിട്ടാണ് തളിപ്പറമ്പ് പോലീസ് റെയ്ഡ് നടത്തിയത്.
മാങ്ങാട് ബിക്കിരിയന്‍പറമ്പില്‍ നിന്നും മോറാഴയിലേക്ക് താമസം മാറിയ ഷാനവാസിന്റെ ബന്ധങ്ങള്‍ പോലീസിന് വ്യക്തമായിട്ടുണ്ട്. വിദേശത്ത് ഹവാല ഇടപാടിലെ മുഖ്യകണ്ണിയായിരുന്ന ഷാനവാസ് നാട്ടിലെത്തിയതും പണമിടപാടുമായി ബന്ധപ്പെട്ടാണെന്ന് വ്യക്തമായിട്ടുണ്ട്. ഭീകര-വിധ്വംസക പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഹവാലപണം ഒഴുകുന്നതിന്റെ സൂചനകള്‍ പോലീസിന് നേരത്തെ കേന്ദ്ര ഏജന്‍സികളില്‍ നിന്നും ലഭിച്ചിരുന്നു.
അടുത്തകാലത്തായി തളിപ്പറമ്പിലേക്ക് വലിയ തോതില്‍ കള്ളപ്പണം ഒഴുകുന്നതായ വിവരം ലഭിച്ചതിനാല്‍ ഇന്റലിജന്‍സ് ബ്യൂറോ ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികള്‍ നിരന്തരം തളിപ്പറമ്പ് മേഖലയിൽ നിരീക്ഷണം നടത്തിവരികയാണ്. നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും നടന്നുവരുന്ന കൂറ്റന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലെ സാമ്പത്തിക സ്രോതസുകള്‍ റവന്യൂ ഇന്റലിജന്‍സ് അധികൃതര്‍ പരിശോധിച്ചുവരികയാണ്. പോലീസ് നിരീക്ഷണം ശക്തമായതോടെ കുഴല്‍പണം കടത്തുസംഘങ്ങല് പുതിയ രീതികള്‍ സ്വീകരിച്ചിട്ടുണ്ടെന്നാണ് നിരീക്ഷണം.