നാദാപുരം: കല്ലാച്ചി വളയം റോഡിൽ വച്ച് പോലീസ് ചമഞ്ഞ് യുവാവിൽ നിന്നും കുഴൽപണം തട്ടിയ കേസിൽ മൂന്നു പേരെ നാദാപുരം പോലീസ് അറസ്റ്റ് ചെയ്തു. കല്ലാച്ചി സ്വദേശികളായ മുഹമ്മദ്, നവാസ്, അയനിക്കാട് സ്വദേശി ഫൈസൽ എന്നിവരാണ് പിടിയിലായത്.
ഫൈസലിനെ അസമിൽ വച്ചും മറ്റുള്ളവരെ കല്ലാച്ചിയിൽ വച്ചുമാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 14നാണ് സംഭവം. 3.6 ലക്ഷം രൂപയാണ് കുഴൽപണം കടത്തിയ എന്ന യുവാവിൽ നിന്നും സംഘം തട്ടിയെടുത്തത്. ബൈക്കിലെത്തിയ രണ്ടു പേർ പോലീസാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയ ശേഷം പണം പിടിച്ചുപറിക്കുകയായിരുന്നു.
നാദാപുരം സബ്ഡിവിഷണൽ ഡിവൈഎസ്പി ഇ. സുനിൽകുമാറിന്റെ നിർദേശത്തിൽ സൈബർ സെല്ലിന്റെ സഹായത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. തുടർന്ന് രണ്ടാഴ്ചയായി നടത്തിയ അന്വേഷണത്തിൽ കേസിലെ ഒന്നാം പ്രതി ഫൈസലിനെ തിരിച്ചറിയുകയായിരുന്നു.
ഇയാൾ സംഭവ ശേഷം അസാമിലേക്ക് കടന്നതായി വിവരം ലഭിച്ചു.നാദാപുരം എസ്ഐ എൻ. പ്രജീഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അസമിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ഗുവാഹത്തിയിൽ നിന്നും 800 കിലോമീറ്റർ അകലെ അരുണാചൽ അതിർത്തിയോട് ചേർന്നുള്ള നോർത്ത് ലക്കിംപൂരിലെ ഖിലാമാരി ഗ്രാമത്തിലാണ് പ്രതിയെ തേടിയ പോലീസ് എത്തിപ്പെട്ടത്.
ഉൾഗ്രാമത്തിൽ ഒറ്റപ്പെട്ട വീട്ടിൽ ഒളിച്ചു കഴിയുകയായിരുന്ന പ്രതിയുടെ താവളം മരക്കച്ചവടക്കാർ എന്ന വ്യാജേനെ നടത്തിയ അന്വേഷണത്തിലാണ് പോലീസ് സംഘം കണ്ടെത്തിയത്. ശേഷം ഖിലാമാരി പോലീസിന്റെ സഹായത്തോടെ സ്ഥലത്തു നിന്നും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.കൂട്ട് പ്രതികളായ മറ്റു രണ്ടു പേരെയും കണ്ടെത്തി അറസ്റ്റ് ചെയ്തു.
പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും .എസ്ഐ എൻ. പ്രജീഷിനു പുറമെ സിപിഒമാരായ അബ്ദുൽ മജീദ്,വി.സദാനന്ദൻ, രൂപേഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.