സ്വന്തം ലേഖകന്‍
കോഴിക്കോട് : സ്വര്‍ണക്കടത്തു സംഘം പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതികള്‍ സമാന്തരടെലിഫോണ്‍ എക്സ്ചേഞ്ചുകള്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്.കേസന്വേഷിക്കുന്ന പ്രത്യേക സംഘത്തലവന് വടകര ഡിവൈഎസ്പി കെ.കെ.ഷരീഫാണ് പ്രതികളുടെ ഫോണ്‍ കോളുകള്‍ സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് സി-ബ്രാഞ്ചിന് കൈമാറിയത്.
പ്രതികള്‍ സമാന്തരടെലിഫോണ്‍ എക്സ്ചേഞ്ചുകള്‍ ഉപയോഗിച്ചതായി സി-ബ്രാഞ്ചിന് നേരത്തെ വിവരം ലഭിച്ചിരുന്നു. തട്ടിക്കൊണ്ടുപോയ പ്രതികളുടെ മൊബൈല്‍ ഫോണുകളുടെ പരിശോധനയിലാണ് സൈബര്‍സെല്ലിന് ചില വിവരം ലഭിച്ചത്. ഇത് സംബന്ധിച്ച് രാഷ്ട്ര ദീപിക കഴിഞ്ഞ മാസം റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ആസാം, ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കോളുകള്‍ ഫോണുകളില്‍ കണ്ടെത്തിയിരുന്നു. ഈ കോളുകളെല്ലാം സമാന്തരടെലിഫോണ്‍ എക്സ്ചേഞ്ച് വഴിയുള്ളതാണ്. കൂടുതല്‍ അന്വേഷണം നടത്തി തെളിവുകള്‍ ശേഖരിക്കേണ്ടതുണ്ടെന്നും അതിനാലാണ് സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് കേസ് അന്വേഷിക്കുന്ന സി-ബ്രാഞ്ചിന് റിപ്പോര്‍ട്ട് നല്‍കിയതെന്ന് ഡിവൈഎസ്പി അറിയിച്ചു.
സിംകാര്‍ഡുകള്‍ വ്യാജമേല്‍വിലാസത്തില്‍ സംഘടിപ്പിക്കുകയും ഇവ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചില്‍ ഉപയോഗിക്കുകയുമായിരുന്നു. അന്വേഷിച്ചാല്‍ ബംഗാളിലും മറ്റുമായിരിക്കും സിം ഉടമകളുള്ളത്. സിം ഉടമകള്‍ അറിയാതെയാണ് ഇവ സംഘടിപ്പിച്ചെന്നതിനാല് കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താനും സാധിക്കില്ല.
സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചിന് പിന്നിലുള്ള സംഘം ഇത്തരത്തില്‍ വ്യാജ സിംകാര്‍ഡുകള്‍ മൊത്തമായി സംഘടിപ്പിക്കുകയും അതു കോഴിക്കോടുള്‍പ്പെടെയുള്ള ജില്ലകളിലെത്തിക്കുകയും ചെയ്തതായി സി-ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.
സിബ്രാഞ്ചിന്റെ അന്വേഷണത്തില്‍ സ്വര്‍ണക്കടത്തുകാരും ഹവാല സംഘവും സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചില്‍ നിക്ഷേപിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
ഇബ്രാഹിം പോക്സോ കേസിലും പ്രതി
കോഴിക്കോട്: സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് കേസിലെ പ്രധാനി ഇബ്രാഹിം പുല്ലാട്ട് പോക്സോ കേസിലെ പ്രതി. തൊടുപുഴ പോലീസ് ഏഴുവര്‍ഷം മുമ്പ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇബ്രാഹിം പ്രതിയായുള്ളത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ സൗകര്യം ചെയ്തുകൊടുത്തതിനാണ് പോലീസ് ഇബ്രാഹിമിനെ പ്രതിചേര്‍ത്തത്. അന്വേഷണം നടക്കുന്നതിനിടെ ഇബ്രാഹിം വിദേശത്തേക്കു മുങ്ങുകയായിരുന്നു. ഇക്കഴിഞ്ഞ ദിവസമാണ് ഇബ്രാഹിമിനെതിരേ കേസുള്ളതായി സി-ബ്രാഞ്ചിന് വിവരം ലഭിച്ചത്.
അതേസമയം ബംഗളൂരു കേസില്‍ അറസ്റ്റിലായ ഇബ്രാഹിമിനെ കോഴിക്കോട്ടെ കേസില്‍ അറസ്റ്റ് ചെയ്തശേഷം ചോദ്യം ചെയ്യുകയും പിന്നീട് കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു. ഇബ്രാഹിമിനെ തിരിച്ചറിഞ്ഞ സാഹചര്യത്തില്‍ അറസ്റ്റ് ചെയ്യുന്നതിന് കോടതിയില്‍ അപേക്ഷ നല്‍കുമെന്ന് തൊടുപുഴ എസ്ഐ അറിയിച്ചു.