സ്വന്തം ലേഖകന്‍
കോഴിക്കോട്: സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചുമായി ബന്ധപ്പെട്ട് ബംഗളൂരു കേന്ദ്രീകരിച്ച് വീണ്ടും അന്വേഷണം. സി-ബ്രാഞ്ച് അസി.കമ്മീഷണര്‍ ടി.പി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് രാവിലെ ബംഗളൂരുവിലേക്ക് തിരിച്ചു.
കേസിലെ മുഖ്യപ്രതിയായ ഇബ്രാഹിം പുല്ലാട്ട് പ്രവര്‍ത്തിപ്പിച്ചിരുന്ന ബംഗളൂരു ബിടിഎം ലേഔട്ടിലെ കെട്ടിടത്തിലെ എകസ്ചേഞ്ചിലും സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചിനു ആവശ്യമായ ചൈനീസ് നിര്‍മിത ഉപകരണങ്ങള്‍ വാങ്ങിയ ഡിസി നെറ്റിലും അന്വേഷണസംഘം തെളിവെടുപ്പ് നടത്തും.
ഇവിടുത്തെ ജീവനക്കാരില്‍ നിന്നും മറ്റും വിവരങ്ങള്‍ ശേഖരിക്കും.ബംഗളൂരു തീവ്രവാദ വിരുദ്ധ സെല്‍ (എടിസി) പിടികൂടിയപ്പോള്‍ ഇബ്രാഹിം നിര്‍ണായക വിവരങ്ങള്‍ അന്വേഷണസംഘത്തിനു മൊഴി നല്‍കിയിരുന്നു. മൊഴിയും സി-ബ്രാഞ്ച് കസ്റ്റഡിയിലെടുത്തപ്പോള്‍ ഇബ്രാഹിം നല്കിയ മൊഴിയും താരതമ്യം ചെയ്യും
ഇബ്രാഹിമിനെ അറസ്റ്റ് ചെയ്തതിനൊപ്പം പിടിയിലായ മറ്റു പ്രതികളെയും അന്വേഷണസംഘം ചോദ്യം ചെയ്യും.സംഭവത്തില്‍ മലപ്പുറം സ്വദേശികളായ മുഹമ്മദ് ബഷീര്‍, അനീസ് അത്തിമണ്ണില്‍, തൂത്തുക്കുടി സ്വദേശിയായ ശാന്തന്‍കുമാര്‍, സുരേഷ് തങ്കവേലു, ജയ്ഗണേഷ് , തിരിപ്പൂര് സ്വദേശി ഗൗതം എന്നിവരാണ് പിടിയിലായത്.
ഇവരില്‍ നിന്നും വിവരം ശേഖരിക്കും. ആവശ്യമെങ്കില്‍ അറസ്റ്റ് ചെയ്ത് കോഴിക്കോടെത്തിക്കും. മൊബൈല്‍ കമ്പനി സെയില്‍സ് എക്സ്ക്യൂട്ടീവായ ശാന്തന്‍കുമാര്‍ വഴി യഥാര്‍ഥ സിംകാര്ഡിന് അപേക്ഷിച്ചവരുടെ തിരിച്ചറിയല്‍ രേഖകള്‍ ദുരുപയോഗം ചെയ്താണ് സമാന്തരടെലിഫോണ്‍ എക്സ്ചേഞ്ചിലേക്ക് ആവശ്യമായ സിമ്മുകള്‍ സംഘടിപ്പിച്ചിരുന്നത് .
ഇത്തരത്തില്‍ സംഘടിപ്പിച്ച സിമ്മുകള്‍ കേരളത്തിലേക്ക് എത്തിച്ചിരുന്നതിനെ കുറിച്ചും സി-ബ്രാഞ്ച് സംഘം പരിശോധിക്കും.അതേസമയം കഴിഞ്ഞ ദിവസം കൊ’ടകരയില്‍ പിടിയിലായ സംഘത്തിനു ഇബ്രാഹിമായി അടുത്ത ബന്ധമാണുള്ളതെന്ന് കണ്ടെത്തിയിട്ടുണ്ട്.
സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് സ്ഥാപിച്ച സംഘത്തിലെ പ്രധാനി മഞ്ചേരി വള്ളിക്കാപ്പറ്റ സ്വദേശി റിഷാദിനെ ഇബ്രാഹിമാണ് ഈ മേഖലയിലേക്ക് എത്തിച്ചത്. വിദേശത്ത് ജോലി ചെയ്തിരുന്ന സമയത്ത് പരിചയപ്പെട്ട റിഷാദ് ഇബ്രാഹിമിനൊപ്പം ചേരുകയായിരുന്നു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇവര്‍ സമാന രീതിയില്‍ സംവിധാനമൊരുക്കിയിട്ടുണ്ട്. സംഘത്തിനു രാജ്യാന്തര ബന്ധങ്ങളുണ്ടെന്ന് കോഴിക്കോട് സി ബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. എല്ലാ സംഘങ്ങളെയും നിയന്ത്രിക്കുന്നതും പണം മുടക്കിയവരില്‍ പ്രധാനിയും മലപ്പുറം സ്വദേശി സലീമാണ്. സലീമിപ്പോള് ഒളിവിലാണുള്ളത്.