കുഴൽ കിണറിനുള്ളിൽ വീണ ഒന്നര വസയുകാരനെ 48 മണിക്കൂറുകൾക്കു ശേഷം സുരക്ഷിതമായി രക്ഷപെടുത്തി. നദിം എന്നാണ് കുട്ടിയുടെ പേര്. ഹരിയാനയിലെ ഹിസാർ ജില്ലയിലുള്ള ബൽസമന്ധ് എന്ന സ്ഥലത്താണ് സംഭവം. വീടിനു സമീപമുള്ള കൃഷി സ്ഥലത്ത് കളിക്കുകയായിരുന്ന കുട്ടി അബദ്ധത്തിലാണ് 60 അടി താഴ്ച്ചയുള്ള കുഴൽകിണറിനുള്ളിൽ വീണത്. കുഴൽ കിണറിന് മൂടിയില്ലാതിരുന്നതാണ് അപകടത്തിന് കാരണമായത്.
പ്രദേശവാസികളും ദുരന്തനിവാരണ സേനയും സൈന്യവും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തിയത്. കുട്ടിക്ക് കഴിക്കുവാനായി ബിസ്ക്കറ്റും വെള്ളവും നൽകിയിരുന്നു. മാത്രമല്ല ശ്വാസതടസമുണ്ടാകാതിരിക്കുവാനായി ഓക്സിജനും നൽകിയിരുന്നു.
രാത്രിയിൽ കാണുവാൻ ഉപയോഗിക്കുന്ന കാമറ ഉപയോഗിച്ചാണ് കുട്ടിയുടെ ചലനങ്ങൾ മനസിലാക്കിയിരുന്നത്. കിണറിനുള്ളിൽ നിന്നുമെടുത്ത കുട്ടിയെ അഗ്രോഹ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.