മങ്കൊന്പ്: സ്വകാര്യ വ്യക്തിയുടെ വീട്ടുവളപ്പിൽ കുഴൽക്കിണറിനായി കുഴിച്ച കുഴിയിൽനിന്നും ഉയർന്ന വാതകം മൂലം തീകത്തിയത് നാട്ടുകാരെ അദ്ഭുതപ്പെടുത്തി. കാവാലം ഗ്രാമപഞ്ചായത്ത് അഞ്ചാംവാർഡ് പത്തിൽച്ചിറ രവീന്ദ്രന്റെ വീട്ടിൽ ബുധനാഴ്ച വൈകുന്നരമാണ് നാട്ടുകാരിലാകെ ഭയവും അദ്ഭുതവും പടർത്തിയ സംഭവങ്ങൾ അരങ്ങേറിയത്.
കുടിവെള്ളക്ഷാമമുള്ള പ്രദേശമായതിനാൽ ഇതിനു പരാഹരം കാണാനാണ് രവീന്ദ്രൻ വീട്ടുമുറ്റത്തു കുഴൽക്കിണർ കുഴിക്കാൻ തീരുമാനിച്ചത്. എന്നാൽ കുഴൽക്കിണർ നിർമാണം പുരോഗമിക്കുന്നതിനിടെ പ്രത്യേക വാതകം പുറത്തേയ്ക്കു വരുന്നതായി അനുഭവപ്പെട്ടു. ഏകദേശം 24 അടിയോളം കുഴിച്ചപ്പോഴാണ് വാതകത്തിന്റെ സാന്നിധ്യം അനുഭവപ്പെട്ടതെന്ന് സമീപത്തുണ്ടായിരുന്നവർ പറയുന്നു.
വാതകത്തിന് പാചകവാതകത്തിനോടു തുല്യമായ മണം അനുഭവപ്പെട്ടതോടെ സ്ഥലത്തുണ്ടായിരുന്നവർ തീപ്പെട്ടി ഉരയ്ക്കുകയും എല്ലാവരെയും അദ്ഭുതപ്പെടുത്തി തീജ്വാല പ്രത്യക്ഷപ്പെടുകയായിരുന്നു. ഏറെനേരം കത്തിനിന്ന തീ പിന്നീട് കത്തിച്ചവർ തന്നെ അണയ്ക്കുകയും കുഴൽ അടയ്ക്കുകയുമായിരുന്നു. ഇതിനു മുന്പും സമാനസംഭവങ്ങൾ പലയിടങ്ങളിലും ഉണ്ടായിട്ടുണ്ട്.