മട്ടന്നൂർ: ഭൂഗർഭ ജലനിരപ്പ് ആശങ്ക ഉയർത്തും വിധം താഴ്ന്നു കൊണ്ടിരിക്കുമ്പോഴും ജനങ്ങളിൽ വിസ്മയം തീർക്കുകയാണ് മൂന്നു വർഷമായി നിറഞ്ഞൊഴുകുന്ന കുഴൽ കിണർ. മാലൂരിനടുത്ത കൂവ്വക്കരയില സി.പി. ചന്ദ്രശേഖരൻ നായരുടെ വീട്ടുമുറ്റത്താണ് ഏവരെയും അത്ഭുതപ്പെടുത്തുന്ന കുഴൽ കിണറുള്ളത്. പുറത്തേക്ക് ഒഴുകുന്ന വെള്ളത്തെ പാഴാക്കാതെ ഒരു പ്രദേശത്തിന്റെ ദാഹമകറ്റാൻ ഉപയോഗപ്പെടുത്തുകയാണ് ചന്ദ്രശേഖരൻ നായരും മാലൂർ പഞ്ചായത്തും.
2016 ഏപ്രിൽ 29നാണ് മാലൂർ കൂവ്വക്കരയിലെ കർഷകനായ സി.പി. ചന്ദ്രശേഖരൻ നായർ വീടിനു മുന്നിൽ കുഴൽ കിണർ നിർമിച്ചത്. 40 അടി താഴ്ച എത്തുന്നതുവരെ വെള്ളത്തിന് വേണ്ടി കാത്തുനിന്ന ചന്ദ്രശേഖരൻ നായരെ അത്ഭുതപ്പെടുത്തിക്കൊണ്ട് വെള്ളം കുഴൽ കിണറിൽ നിന്നും പുറത്തേക്ക് കുത്തിയൊഴുക്കുകയായിരുന്നു.
ഭൂമിക്കടിയിൽ നടക്കുന്ന പ്രത്യേക പ്രതിഭാസമാണ് വെള്ളത്തിന്റെ കുത്തൊഴുക്കിന് കാരണമെന്നാണ് വിലയിരുത്തപ്പെട്ടിട്ടുള്ളത്. വൈകാതെ ജലപ്രവാഹം നിൽക്കുമെന്നാണ് വിദഗ്ധ സംഘം അഭിപ്രായപ്പെട്ടിരുന്നതെങ്കിലും മൂന്നു വർഷമായിട്ടും ജലം ഒഴുകിക്കൊണ്ടിരിക്കുകയാണ്.
മാലൂർ പഞ്ചായത്ത് ഫണ്ടിൽ ഉൾപ്പെടുത്തി കൂറ്റൻ ടാങ്ക് കൂടി സ്ഥാപിച്ചതോടെ മിനി കുടിവെള്ള വിതരണ പദ്ധതിയായും കുഴൽ കിണർ മാറിയിട്ടുണ്ട്. കൂവ്വക്കര ഭാഗത്തെ നിരവധി കുടുംബങ്ങളാണിപ്പോൾ കുഴൽ കിണറിൽ നിന്നും പുറത്തേക്കൊഴുകുന്ന വെള്ളത്തെ ആശ്രയിച്ച് ജീവിക്കുന്നത്.