കാസര്‍ഗോഡ്: മംഗളൂരു-കാസര്‍ഗോഡ് ദേശീയപാതയില്‍ കുമ്പളയ്ക്ക് സമീപം എക്സൈസ് സംഘം നടത്തിയ വാഹനപരിശോധനയ്ക്കിടയില്‍ രണ്ടുകോടിയിലേറെ രൂപയുടെ കുഴല്‍പണവും സ്വര്‍ണവും പിടികൂടി.
കാറിലുണ്ടായിരുന്ന മഞ്ചേശ്വരം ഉദ്യാവര്‍ സ്വദേശി ഷംസുദ്ദീനെ കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാത്രി എട്ടരയോടെ മംഗളൂരു ഭാഗത്തുനിന്നു വന്ന സ്വിഫ്റ്റ് കാര്‍ മഞ്ചേശ്വരം തുമിനാടിന് സമീപത്തുവച്ച് വാഹനപരിശോധന നടത്തുകയായിരുന്ന എക്സൈസ് സംഘത്തെ കണ്ട് നിര്‍ത്താതെ ഓടിച്ചുപോവുകയായിരുന്നു.
എക്സൈസ് വാഹനം പിന്തുടര്ന്നെത്തി കുമ്പളയ്ക്കടുത്തുവച്ച് നാടകീയമായി കാറിനു കുറുകെയിട്ട് തടഞ്ഞുനിര്‍ത്തുകയാണ് ചെയ്തത്. പരിശോധനയില്‍ 2,00,87,300 രൂപയുടെ കറന്‍സി നോട്ടുകളും 20 പവന് സ്വര്‍ണവും കാറിനകത്തുനിന്നും കണ്ടെടുത്തു.
കുമ്പള എക്സൈസ് ഇന്‍സ്പെക്ടര്‍ എന്‍. നൗഫലിന്റെ നേതൃത്വത്തിലാണ് വാഹനപരിശോധന നടത്തിയത്. പിടികൂടിയ പണവും സ്വര്‍ണവും പ്രതിയേയും മഞ്ചേശ്വരം പോലീസിന് കൈമാറി. കൂടുതല്‍ വിവരങ്ങള്‍ക്കായി ഇയാളെ ചോദ്യംചെയ്തുവരുന്നു.