തൃശൂര്: കോളിളക്കം സൃഷ്ടിച്ച കൊടകര കുഴല്പണ കേസില് പ്രത്യേക അന്വേഷണസംഘം ബിജെപി സംസ്ഥാന അധ്യക്ഷന് കെ.സുരേന്ദ്രന്റെ മൊഴിയെടുക്കും.അടുത്തയാഴ്ച സുരേന്ദ്രനെ ചോദ്യം ചെയ്യാനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്. കൂടുതല് സംസ്ഥാന നേതാക്കളെയും ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പ്രത്യേക അന്വേഷണസംഘം.
പാര്ട്ടിയില് പണമിടപാട് നടത്തുന്നതിന്റെ ഉത്തരവാദിത്വം സംസ്ഥാന സംഘടന ജനറല് സെക്രട്ടറിക്കും പാര്ട്ടി അധ്യക്ഷനുമാണെന്നതിനാല് സുരേന്ദ്രനെ ചോദ്യം ചെയ്യാതിരിക്കാനാവില്ലെന്ന നിലപാടിലാണ് പോലീസ്. സുരേന്ദ്രന്റെ മൊബൈല് ഫോണ് വിശദാംശങ്ങളും പോലീസ് പരിശോധിക്കുമെന്നാണ് സൂചന.
ഇതുവരെ പോലീസ് ചോദ്യം ചെയ്ത ബിജെപി നേതാക്കളുടയും പണം കൊടുത്തയച്ച ധര്മ്മരാജന്, സുനില് നായിക്ക് എന്നിവരുടെ മൊഴികളും തമ്മിലുള്ള പൊരുത്തക്കേടുകളും പോലീസ് ചൂണ്ടിക്കാട്ടുന്നു.യുവമോര്ച്ച മുന് സംസ്ഥാന ട്രഷറര് സുനില് നായിക്കും കെ.സുരേന്ദ്രനും തമ്മിലുള്ള അടുപ്പവും പോലീസ് പരിശോധിക്കുന്നുണ്ട്.
പണംവന്നതു സംബന്ധിച്ച് പല നേതാക്കള്ക്കും അറിയാമായിരുന്നുവെന്നും ഇല്ലെന്ന് പറയുന്നത് കളവാണെന്നുമാണ് പോലീസിന്റെ നിരീക്ഷണം. സുരേന്ദ്രന്റെ മൊഴി രേഖപ്പെടുത്തുന്നതിനുമുന്പ് പോലീസ് മറ്റു ചില നേതാക്കളുടെ മൊഴികൾ കൂടി രേഖപ്പെടുത്താന് ഉദ്ദേശിക്കുന്നുണ്ട്.
ആലപ്പുഴ ജില്ലാ ട്രഷറര് കെ.ഗോപാലകൃഷ്ണ കര്ത്ത പോലീസിന്റെ ചോദ്യം ചെയ്യലിനുശേഷം കൂടുതല് കാര്യങ്ങളറിയണമെങ്കില് സംസ്ഥാന അധ്യക്ഷനോടു ചോദിക്കണമെന്ന് പറഞ്ഞതിനെക്കുറിച്ചും പോലീസ് വിശദമായി പരിശോധിക്കും.
കര്ത്തയെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് പുതിയ വിവരം.മൂന്നു കോടി നാല്പതു ലക്ഷത്തില്പ്പരം രൂപയാണ് നഷ്ടമായതെന്നാണ് ഇപ്പോള് പുറത്തുവരുന്ന മറ്റൊരു വിവരം.