കെ. ഷിന്റുലാല്‍
കോഴിക്കോട്: കൊടകര കുഴല്‍പ്പണകേസുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന നേതൃത്വം നിയമോപദേശം തേടുന്നു. കുഴല്‍പ്പണകേസില്‍ പാര്‍ട്ടി നേതൃത്വത്തിലേക്ക് അന്വേഷണം എത്തിയ സാഹചര്യത്തിലാണ് നിയമോപദേശം തേടിയത്.
നിയമപരമായി സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് ദേശീയ നേതാക്കളും സംസ്ഥാന നേതൃത്വത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അറസ്റ്റുള്‍പ്പെടെയുള്ള നടപടികളിലേക്ക് കടന്നാല്‍ സ്വീകരിക്കേണ്ടതുള്പ്പെടെയുള്ള നിര്‍ദേശങ്ങളാണ് സംസ്ഥാന നേതൃത്വത്തിന് ലഭിച്ചത്.
ചോദ്യം ചെയ്യലിന് വിളിപ്പിച്ചാല്‍ നിഷേധിക്കാതെ ഹാജരാകാനാണ് നേതാക്കള്‍ക്ക് ദേശീയ-സംസ്ഥാന നേതൃത്വം നല്കിയ നിര്‍ദേശം. ഹാജരാകാത്തത് കുറ്റസമ്മതമായാണ്പൊതുസമൂഹം വിലയിരുത്തുക. അത്തരത്തിലുള്ള സന്ദേശം ഒരു നേതാക്കളുടെ ഭാഗത്തു നിന്നും ഉണ്ടാവാന്‍ പാടില്ലെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ആര്‍എസ്എസ് പ്രവര്‍ത്തകനും കോഴിക്കോട്ടെ പാര്‍ട്ടി പരിപാടികളില്‍ സജീവ പങ്കാളിയുമായ ധര്‍മരാജന്റെ ഫോണ്‍ കോള്‍ അടിസ്ഥാനമാക്കിയുള്ള അന്വേഷണമാണിപ്പോള്‍ നടക്കുന്നത്.
ധര്‍മരാജനുമായി ബന്ധമുള്ള മുഴുവന്‍ പേരേയും അന്വേഷണസംഘം ചോദ്യം ചെയ്യുന്നുണ്ട്. ഇത് നേരത്തെ മനസിലാക്കിയ ബിജെപി നേതൃത്വം ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തും മുമ്പേ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്.
ചോദ്യം ചെയ്യലില്‍ എപ്രകാരം വിവരങ്ങള്‍ നല്‍കണമെന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇവര്‍ക്ക് നേരത്തെ തന്നെ നല്‍കുന്നുണ്ട്. ചോദ്യം ചെയ്യലിന് ഹാജരാകുന്നതും പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദേശാനുസരണമാണ്. ഇതിനായി യാത്രാ സൗകര്യം വരെ ബിജെപി സംസ്ഥാന നേതൃത്വം ഒരുക്കി നല്‍കുന്നുണ്ട്.
സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ സെക്രട്ടറി ദിപിനെ ഇന്ന് ചോദ്യം ചെയ്യുമെന്നാണ് വിവരം.ബിജെപി സംസ്ഥാന ഓഫീസ് സെക്രട്ടറി മിഥുനിനെയും ധര്‍മരാജന്റെ സഹോദരന് ധനരാജനേയും കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിട്ടുണ്ട്.അതേസമയം തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയില്‍ ഇടഞ്ഞു നില്ക്കുന്ന പ്രവര്‍ത്തകരെ കുഴല്‍പ്പണ കേസ് അന്വേഷണത്തിന്റെ ഘട്ടത്തില്‍ ഒരുമിപ്പിച്ച് നിര്‍ത്താന്‍ പാര്‍ട്ടി നേതൃത്വം ശ്രമമാരംഭിച്ചു .
സ്വര്‍ണക്കടത്തിനും ഡോളര്‍ക്കടത്തിനും സംസ്ഥാന സര്‍ക്കാറിനെ പ്രതിരോധത്തിലാക്കിയത് കെ.സുരേന്ദ്രനായിരുന്നു. സുരേന്ദ്രനുള്ള മറുപടി പിന്നീടെന്ന് പല മേഖലയില്‍ നിന്നുള്ള പ്രതികരണവും പരസ്യമായുണ്ടായിരുന്നു. കുഴല്‍പ്പണ കേസിന്റെ പേരില്‍ ദേശീയ പാര്‍ട്ടിയായ ബിജെപിയെ ആക്രമിക്കുന്നത് പ്രതികാര നടപടിയുടെ ഭാഗമായാണ്.
മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയാണിതെന്നും വരുത്തി തീര്‍ക്കാനാണ് ബിജെപി നേതൃത്വം ശ്രമിക്കുന്നത്. സംസ്ഥാന സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ചതിന്റെ ഫലമായാണ് അതേനാണായത്തിലുള്ള തിരിച്ചടി. ഇക്കാര്യം ബൂത്ത്തലം മുതലുള്ള പ്രവര്ത്തരിലെത്തിക്കാനാണ് പ്രതിസന്ധി ഘട്ടത്തില്‍ പോലും പാര്‍ട്ടി ലക്ഷ്യമിടുന്നത്.