ചങ്ങനാശേരി: 27 ലക്ഷം രൂപയുമായി ചങ്ങനാശേരിയിൽ യുവാവ് പോലീസ് പിടിയിൽ. കുഴൽ പണമെന്ന് സംശയം. ചങ്ങനാശേരി മേട്ടുംപുറം കബീർ റഹ്മാൻ (42) ആണ് അറസ്റ്റിലായത്. ചങ്ങനാശേരി നഗരത്തിൽ ഫാൻസി സ്റ്റോറും മൊബൈൽ ഷോപ്പും നടത്തുന്നയാളാണ ്കബീർ. ചെന്നൈയിൽനിന്നു പണം ശേഖരിച്ച് ജയന്തി ജനതാ എക്സ്പ്രസിൽ ചങ്ങനാശേരി റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങുന്പോഴാണ് ഇയാളെ പിടികൂടിയത്.
കുഴൽ രൂപത്തിലുള്ള തുണിസഞ്ചിയിൽ അരയിൽ സൂക്ഷിച്ചിരുന്ന നിലയിലാണ് പണം കണ്ടെത്തിയത്. ഇതിനു മുകളിൽ ജീൻസും ധരിച്ചിരുന്നു. പുതിയ 2000ത്തിന്റെ നോട്ടുകെട്ടുകളാണ ്പിടിച്ചെടുത്തിരിക്കുന്നത്. ചങ്ങനാശേരിയിലും കോട്ടയത്തുമുള്ള കുഴൽപ്പണം ഇടപാടുകൾക്കായി പ്രവർത്തിക്കുന്ന ഏജന്റാണ് കബീർ എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ഇന്ന് രാവിലെ ഏറ്റുമാനൂർ സ്വദേശിയായ ഒരാൾക്ക് കോട്ടയം റെയിൽവേ സ്റ്റേഷനിൽവച്ച് കുറച്ച് പണം കൈമാറിയതായി സൂചനയുണ്ട്. ഒരുമാസം രണ്ടും മൂന്നും തവണ ഇയാൾ ചെന്നൈയിൽപോയി പണം ശേഖരിച്ച് മടങ്ങാറുണ്ടെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
അനധികൃതമായി ചങ്ങനാശേരിയിലേക്ക് ട്രെയിൻ മാർഗം പണം വരുന്നതായി പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഒരുമാസമായി പോലീസ് നടത്തിയ നിരീക്ഷണത്തിന്റെ ഫലമായാണ് ഇന്ന് ഇയാളെ പിടികൂടാൻ സാധിച്ചതെന്ന് പോലീസ് പറഞ്ഞു.
പണത്തിന്റെ സ്രോതസ്് അന്വേഷിച്ചു വരുന്നതായി കോട്ടയം ജില്ലാ പോലീസ് മേധാവി മുഹമ്മദ് റഫീക്ക്, ചങ്ങനാശേരി ഡിവൈഎസ്പി ആർ. ശ്രീകുമാർ പറഞ്ഞു. സിഐ കെ.സി. വിനോദ്, ആന്റി ഗുണ്ടാ സ്ക്വാഡ് അംഗങ്ങളായ കെ.കെ. റെജി, അൻസാരി, മണികണ്ഠൻ, പ്രദീപ് ലാൽ, പ്രതീഷ് രാജ്, അരുണ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ന് രാവിലെ ഇയാളെ ചങ്ങനാശേരി റെയിൽവേ സ്റ്റേഷനിൽനിന്നും പിടികൂടിയത്.