തൃശൂർ: തൃശൂരിൽനിന്ന് മലപ്പുറത്തേക്കു കടത്തുകയായിരുന്ന കുഴൽപ്പണവുമായി രണ്ടുപേരെ വിയ്യൂർ പോലീസ് അറസ്റ്റ് ചെയ്തു. മഞ്ചേരി നെല്ലിക്കുത്ത് പാലം സ്വദേശികളായ കണ്ണംപാലി വീട്ടിൽ അബ്ദുൾസലാം (42), ചക്കിപ്പറന്പിൽ വീട്ടിൽ ഷെറഫുദ്ദീൻ (36) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽനിന്ന് 15,66,000 രൂപ പിടിച്ചെടുത്തു.
ഇന്നലെ ഉച്ചയോടെയാണ് സംഭവം. വിയ്യൂർ സർവീസ് സെന്ററിനു മുൻവശം നിർത്തിയിട്ട കർണാടക രജിസ്ട്രേഷനുള്ള കാർ പോലീസ് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ഇരുവരും കുടുങ്ങിയത്. പോലീസിനെ കണ്ട വെപ്രാളത്തിൽ ഇരുവരും പണം നിറച്ച അറകളുള്ള ജാക്കറ്റ് തൊട്ടടുത്തുള്ള മാലിന്യക്കൂന്പാരത്തിലേക്കു വലിച്ചെറിഞ്ഞു.
മലപ്പുറം സ്വദേശിയായ ബാബു എന്നയാൾക്കുവേണ്ടിയാണ് പണം കടത്തുന്നതെന്നും ഇരുവരും പോലീസിനോടു പറഞ്ഞു. തൃശൂരിലുള്ള ഒരു ബിസിനസുകാരന്റേതാണ് പണം. ആദ്യമായാണ് പണം കടത്തുന്നതെന്നും ഒരാൾക്ക് 1500 രൂപയാണ് പണം കടത്താൻ നിർദേശിച്ചയാൾ വാഗ്ദാനം ചെയ്തതെന്നും ഇരുവരും മൊഴിന ല്കി.
എസ്ഐ ഡി. ശ്രീജിത്തിന്റെ നേതൃത്വത്തിൽ അന്വേഷണമാരംഭിച്ചു. ബാബുവിനോട് വിയ്യൂർ സ്റ്റേഷനിൽ ഹാജരാകാൻ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.