സ്വന്തം ലേഖകന്‍
തൃശൂര്‍: കോളിളക്കം സൃഷ്ടിച്ച കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസില്‍ ബിജെപി തൃശൂര്‍ ജില്ലാ നേതാക്കളെ ഇന്നു പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും.
കഴിഞ്ഞ ദിവസം കേസില്‍ നിര്‍ണായക സ്ഥിരീകരണങ്ങളുണ്ടായ സാഹചര്യത്തിലാണ് അടിയന്തരമായി ബിജെപി നേതാക്കളെ ചോദ്യംചെയ്യാന്‍ വിളിച്ചുവരുത്തുന്നത്.
മേഖല സെക്രട്ടറി ജി.കാശിനാഥന്, ജില്ല ട്രഷറര്‍ സുജയ് സേനന്, തൃശൂര്‍ ജില്ല ജനറല്‍ സെക്രട്ടറി കെ.ആര്.ഹരി എന്നിവരോടാണ് ഇന്നു ചോദ്യം ചെയ്യലിനു ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്.
ബിജെപി കുരുക്കിൽ
കുഴല്‍പ്പണ കവര്‍ച്ചാ കേസില്‍ ബിജെപിക്കു പങ്കുണ്ടെന്ന ആരോപണം നേരത്തെതന്നെ ഉയര്‍ന്നതാണെങ്കിലും കേസുമായി ബന്ധപ്പെട്ടു നേതാക്കളെ ചോദ്യം ചെയ്യുന്നത് ഇതാദ്യമാണ്. ഇതുവരെയും കുഴല്‍പ്പണ സംഘങ്ങളിലേക്കും ക്വട്ടേഷന്‍ സംഘങ്ങളിലേക്കുമൊക്കെയാണ് കേസ് നീങ്ങിയിരുന്നത്.
എന്നാല്‍, കഴിഞ്ഞ ദിവസം മൂന്നരക്കോടി തന്നെയാണ് കാറിലുണ്ടായിരുന്നതെന്നു സ്ഥിരീകരിച്ചതോടെയാണ് അന്വേഷണം വളരെ പെട്ടെന്നു ബിജെപി നേതാക്കളിലേക്കു തിരിഞ്ഞത്.
ധർമരാജന്റെ കുറ്റസമ്മതം
കാറിലുണ്ടായിരുന്നത് 25 ലക്ഷമല്ല മൂന്നരക്കോടിയാണെന്നു തട്ടിപ്പു സംബന്ധിച്ചു പരാതി നല്കിയ ആർഎസ്എസ് പ്രവര്ത്തകന് കോഴിക്കോട് സ്വദേശി ധര്മ്മരാജന് സമ്മതിച്ചു.
ഇന്നലെ തൃശൂരില്‍ പ്രത്യേക അന്വേഷണസംഘം ധര്‍മരാജനെയും യുവമോര്‍ച്ച മുന്‍ ട്രഷറര്‍ സുനില്‍ നായിക്കിനെയും രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്തപ്പോഴാണ് മൂന്നര കോടി കാറിലുണ്ടായിരുന്നതായി ഇരുവരും സമ്മതിച്ചത്.
ഇതോടെ കേസിന്റെ അന്വേഷണം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു കൈമാറാനുള്ള സാധ്യതയറി. കൊടകര പോലീസില്‍ നല്കിയ പരാതിയില്‍ തുക കുറച്ചു കാണിച്ചതു സ്രോതസ് വെളിപ്പെടുത്താന്‍ കഴിയാത്തതിനാലെന്നും ഇവര്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞു.