തൃശൂർ: കൊടകര കുഴൽപ്പണ കവർച്ചാകേസിൽ നടപടികൾ കടുപ്പിച്ച് അന്വേഷണ സംഘം. ചോദ്യം ചെയ്യാൻ നിർദേശം നൽകിയ സംസ്ഥാന നേതാക്കൾ എത്താത്ത സാഹചര്യത്തിൽ ഇവർക്ക് വീണ്ടും നോട്ടീസ് നൽകാനാണ് നീക്കം.
ബിജെപി സംഘടനാ ജനറൽ സെക്രട്ടറി എം. ഗണേഷ്, സംസ്ഥാന കമ്മിറ്റി ഓഫീസിന്റെ ചുമതലയുള്ള സെക്രട്ടറി ഗിരീഷ് എന്നിവരോട് ഹാജരാകാൻ വാക്കാൽ നിർദേശം നൽകിയിരുന്നെങ്കിലും ഇവർ എത്തിയിരുന്നില്ല.
തിരുവനന്തപുരത്തുനിന്ന് എത്താനുള്ള അസൗകര്യം കണക്കിലെടുത്ത് രണ്ടുദിവസത്തെ സാവകാശമാണ് ഇവർ ആവശ്യപ്പെട്ടത്.മൊഴിയെടുക്കാനാവാത്ത സാഹചര്യത്തിൽ രണ്ടുദിവസത്തിനുള്ളിൽ ഹാജരാകണമെന്നു നോട്ടീസ് നൽകും.
അന്വേഷണം ആലപ്പുഴയിലേക്കും കർത്ത എന്ന ആളിലേക്കും എത്തിയിരുന്നു. ആർഎസ്എസ് പ്രവർത്തരകൻ ധർമരാജിനെ ചോദ്യം ചെയ്തപ്പോഴാണ് കർത്ത എന്ന പേരു വെളിപ്പെട്ടത്.
ഇയാൾ ആരെന്നത് തുടക്കത്തിൽ വ്യക്തമായിരുന്നില്ല. എന്നാൽ ആലപ്പുഴ ജില്ലാ ട്രഷറർ കെ.ജി. കർത്തയാണ് ഇതെന്ന സൂചന ലഭിച്ചതോടെ ഇയാളെ ചോദ്യം ചെയ്യാനും അന്വേഷണ സംഘം നീക്കം തുടങ്ങിയിട്ടുണ്ട്.
റിമാൻഡിലുള്ള കൂടുതൽ പ്രതികളിൽനിന്നും വിശദമായ മൊഴിയെടുക്കും. മൂന്നുപേർക്ക് കോവിഡ് ബാധിച്ചതിനാൽ വിശദമായ ചോദ്യം ചെയ്യൽ നടന്നിരുന്നില്ല. ഇവിരൊരാൾ ഇപ്പോൾ കോവിഡ് മുക്തനായിട്ടുണ്ട്.
പണം തട്ടിയെന്നു പരാതി നൽകിയ ധർമരാജിന്റെ ഹവാല ബന്ധങ്ങളും പോലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്.