സ്വന്തം ലേഖകന്
കോഴിക്കോട്: കൊടരയില് വ്യാജവാഹനാപകടമുണ്ടാക്കി മൂന്നരക്കോടിയുടെ കുഴൽപണം തട്ടിയെടുത്ത കേസില് കേന്ദ്ര അന്വേഷണ ഏജന്സികള്ക്കുമേൽ സമ്മർദമെന്ന് ആരോപണം.
കള്ളപ്പണവുമായി ബന്ധപ്പെട്ട കേസുകള് അന്വേഷിക്കുന്ന എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി ) അന്വേഷണവുമായി ബന്ധപ്പെട്ടുള്ള യാതൊരു നിര്ദേശവും ഒരു മാസമായി കേന്ദ്ര സര്ക്കാരിന്റെ ഭാഗത്തുനിന്നു ലഭിച്ചിട്ടില്ല. പരാതി ലഭിച്ചിട്ടു പോലും അന്വേഷിക്കാത്തതിനു പിന്നില് ബിജെപി നേതൃത്വത്തിന്റെ സമ്മര്ദമാണെന്ന ആരോപണമുണ്ട്.
കർത്തയുടെ മൊഴി
കേസില് ബിജെപി നേതാക്കള്ക്കുള്ള പങ്ക് പോലീസ് അന്വേഷണത്തില് കണ്ടെത്തിയിരുന്നു. സംസ്ഥാന നേതാക്കളെ വരെ അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യേണ്ടി വരുമെന്നതിനാലാണ് ഇഡി അന്വേഷണത്തിനു കേന്ദ്രസര്ക്കാര് അനുമതി നല്കാത്തതെന്നാണ് പറയുന്നത്.
തെരഞ്ഞെടുപ്പില് ബിജെപിക്കേറ്റ തിരിച്ചടിയിയേക്കാള് കുഴല്പ്പണകേസ് സംസ്ഥാന നേതൃത്വത്തെ അലട്ടുന്നുണ്ട്. കഴിഞ്ഞ ദിവസം പോലീസ് ചോദ്യം ചെയ്ത ബിജെപി ആലപ്പുഴ ജില്ലാ ട്രഷറര് കെ.ജി. കര്ത്ത ചില നിര്ണായക വിവരങ്ങള് അന്വേഷണ സംഘം മുമ്പാകെ നല്കിയിട്ടുണ്ട്.
കുഴല്പണവുമായി ബന്ധമില്ലെന്നും ബിജെപിയ്ക്കുള്ള ബന്ധത്തെക്കുറിച്ചു സംസ്ഥാന നേതൃത്വത്തോടു ചോദിക്കണമെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്. ഇതോടെ സംസ്ഥാന നേതാക്കളും ഭീതിയിലായി.
ബിജെപി പ്രതിസന്ധയിൽ
അതേസമയം, പോലീസ് അന്വേഷണത്തിനു പുറമേ കേന്ദ്രഏജന്സികളുടെ അന്വേഷണം കൂടിയാവുമ്പോള് ബിജെപി തീര്ത്തും പ്രതിസന്ധിയിലാവും.ഉറവിടം സംബന്ധിച്ചും മറ്റും പോലീസിനും ചില വിവരങ്ങള് ലഭിച്ചിട്ടുണ്ട്.
ഇഡി അന്വേഷണം ആരംഭിച്ചാല് പോലീസിനു ലഭിച്ച വിവരങ്ങള് കൂടി കൈമാറും. ഇക്കാര്യം അന്വേഷിക്കുന്നതിലൂടെ ബിജെപി നേതൃത്വവും പ്രതികൂട്ടിലാവും.
വിവാദം കത്തിനില്ക്കുന്ന അവസരത്തില് ഇഡിയുടെ അന്വേഷണം ആരംഭിച്ചാല് തുടര്നടപടികള് വേഗത്തിലാക്കേണ്ടതായും വരും. ഇതേതുടര്ന്നാണ് അന്വേഷണം വൈകിപ്പിക്കാന് കേന്ദ്രത്തില് സമ്മര്ദം ചെലുത്തുന്നത് .
കോടതിയിലേക്ക്
എന്നാല് എന്ഫോഴ്സ്മെന്റ് അന്വേഷണം ആവശ്യപ്പെട്ടു വരും ദിവസങ്ങളില് ഹൈക്കോടതിയില് എല്വൈജെഡി ദേശീയ പ്രസിഡന്റ് ഹര്ജി സമര്പ്പിക്കുന്നുണ്ട്.
കോടതി ഉത്തരവിടുന്നതിന് മുമ്പേ ഇഡി പ്രാഥമിക അന്വേഷണമെങ്കിലും ആരംഭിച്ചില്ലെങ്കില് അതു കേന്ദ്രസര്ക്കാരിന് തിരിച്ചടിയാവുമെന്നും ചില ബിജെപി നേതാക്കള് ദേശീയ നേതാക്കളെ അറിയിച്ചിട്ടുണ്ട്.
സ്വര്ണക്കള്ളക്കടത്തിലും ലൈഫ് മിഷന് പരാതികളിലുമെല്ലാം കേന്ദ്രഏജന്സികള് ദ്രുതഗതയില് അന്വേഷണം ആരംഭിച്ചിരുന്നു.
എന്നാല്, രാജ്യസുരക്ഷയെ തന്നെ ബാധിക്കുന്ന കള്ളപ്പണ കേസില് അന്വേഷണത്തിലെ കാലതാമസം എക്കാലവും വിവാദമായി നിലനില്ക്കുമെന്നും നേതാക്കള് അറിയിച്ചിട്ടുണ്ട്.
കള്ളപ്പണം കവര്ന്ന കേസിന്റെ അന്വേഷണമാണ് പോലീസ് നടത്തുന്നത്. ഈ അന്വേഷണം അവസാനഘട്ടത്തിലാണ്. എന്നാല്, പണത്തിന്റെ ഉറവിടം സംബന്ധിച്ച് ഇഡിയാണ് അന്വേഷിക്കേണ്ടത്.