തൃശൂർ: കൊടകര കുഴൽപ്പണക്കേസ് ബിജെപിക്കു കടുത്ത തലവേദയാകുമെന്നു കൂടുതൽ വ്യക്തമായി. കുഴൽപ്പണക്കേസിൽ പാർട്ടിക്കുള്ള ബന്ധം സൂചിപ്പിക്കുന്ന തെളിവുകൾ വീണ്ടും പോലീസിനു ലഭിച്ചു.
പണം കൊണ്ടുവന്ന സംഘത്തിനു തൃശൂർ നഗരത്തിൽ താമസ സൗകര്യം ഒരുക്കിയത് ബിജെപി ജില്ലാ നേതൃത്വമാണെന്ന വിവരവും പോലീസിനു കിട്ടിയിട്ടുണ്ട്.
മുറികൾ ബുക്ക് ചെയ്തതു ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽനിന്നാണെന്നു ഹോട്ടൽ ജീവനക്കാരൻ പോലീസിനു മൊഴിനൽകി. രേഖകളും സിസി ടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചുവരികയാണ്.
മുറി ബുക്ക് ചെയ്തത്
ഏപ്രിൽ രണ്ടിന് വൈകീട്ട് ഏഴോടെയാണ് ഹോട്ടലിൽ മുറികൾ ബുക്ക് ചെയ്തതെന്നു ജീവനക്കാരൻ പോലീസിനോടു പറഞ്ഞു. 215, 216 എന്നീ മുറികളാണ് ഇവർക്കു നൽകിയത്. 215ൽ ധർമരാജനും 216ൽ ഷംജീറും റഷീദും താമസിച്ചു എന്നാണ് മൊഴി.
മുറികൾ ആവശ്യമുള്ളപ്പോൾ ബിജെപി ജില്ലാ ഓഫീസിൽനിന്ന് മുന്പും ഇത്തരത്തിൽ വിളിച്ചു ബുക്ക് ചെയ്യാറുണ്ട്. അപ്പോൾ മുറികൾ ഒഴിച്ചിടാറാണ് പതിവ്. അതേപോലെയാണ് ഇവർക്കുവേണ്ടിയും മുറികൾ നൽകിയതെന്ന് ജീവനക്കാരൻ പറഞ്ഞു.
മൂന്നുപേർ വരുമെന്നാണ് അറിയിച്ചത്. രാത്രി പത്തുമണിയോടെ എത്തിയവർ രാവിലെ തിരിച്ചുപോയി. മുറിവാടക പിന്നീടാണ് നൽകാറുള്ളത്. ഓരോ ബില്ലുകൾ എത്തിക്കുന്നതിന് അനുസരിച്ച് അവർ തുക നൽകാറാണ് പതിവെന്നും ജീവനക്കാരൻ മാധ്യമങ്ങളോടു പറഞ്ഞു.
തലവേദനയായി മൊഴി
അതിനിടെ പണം കൊണ്ടുപോയത് ആലപ്പുഴയിലേക്കാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ബിജെപി ആലപ്പുഴ ജില്ലാ ട്രഷറർ ഗോപാലകൃഷ്ണ കർത്തയെ ചോദ്യം ചെയ്തതും വഴിത്തിരിവായി. താൻ കുറ്റക്കാരനല്ലെന്നും കൂടുതൽ വിവരങ്ങൾ സംസ്ഥാന നേതാക്കളോടു ചോദിക്കണമെന്നുമാണ് കർത്ത പറഞ്ഞത്.
ഇതോടെ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ അടക്കമുള്ളവർ ഉത്തരം പറയാൻ ബാധ്യസ്ഥരായിരിക്കുകയാണ്.ധർമരാജനുമായി നടത്തിയ ഫോണ് സംഭാഷണങ്ങളിൽ അസ്വാഭാവികമായി ഒന്നുമില്ലെന്ന നിലപാടിലാണ് കർത്ത. ഇദ്ദേഹത്തിന്റെ മൊഴി സംസ്ഥാന നേതാക്കൾക്കു തലവേദനയാകും.
ആലപ്പുഴ പോലീസ് ട്രെയിനിംഗ് സെന്ററിൽവച്ചാണ് കർത്തയെ ഇന്നലെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തത്.ബിജെപി സംഘടനാ സെക്രട്ടറി ഗണേശൻ, സംസ്ഥാന ഓഫീസ് സെക്രട്ടറി ഗിരീഷ് എന്നിവരോട് ചോദ്യംചെയ്യലിനു ഹാജരാകാൻ വീണ്ടും നിർദേശം നൽകിയിട്ടുണ്ട്.