തൃശൂർ: കൊടകര കുഴൽപ്പണ കേസിൽ സർവശക്തിയും ഉപയോഗിച്ച് പ്രതിരോധിക്കാൻ ബിജെപി കളത്തിലിറങ്ങി. കേസിൽ ബിജെപിയെ കുടുക്കാൻ ആസൂത്രിത നീക്കം നടക്കുന്നുവെന്ന് മുതിർന്ന നേതാവ് എ.എൻ.രാധാകൃഷ്ണൻ ആരോപിച്ചു. തൃശൂരിൽ വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് പിണറായിയെ ഓർമിപ്പിക്കുകയാണെന്ന് രാധാകൃഷ്ണൻ പറഞ്ഞു. നിയമസഭയിൽ പിണറായി വിജയനും വി.ഡി.സതീശനും ചേട്ടനും അനിയനും കളിക്കുകയാണ്.
ബിജെപിയെ തകർക്കാനുള്ള ഗൂഢസംഘത്തിന്റെ ക്യാപ്റ്റനായി പിണറായി വിജയൻ പ്രവർത്തിക്കുകയാണ്. ഇതിനെതിരേ ശക്തമായ പ്രതിഷേധമുണ്ടാകും. പൊതുസമൂഹത്തിന് മുന്നിൽ പാർട്ടിയെ തേജോവധം ചെയ്യാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.
അന്വേഷണ സംഘത്തിലുള്ള പോലീസുകാരെ ബിജെപി പേരെടുത്ത് വിമർശിക്കുകയാണ്. ഡിവൈഎസ്പി സോജൻ, എസിപി വി.കെ.രാജു എന്നിവർക്കെതിരേയാണ് പാർട്ടി തിരിഞ്ഞിരിക്കുന്നത്.
സോജൻ വെറുക്കപ്പെട്ടയാളാണെന്നും രാജു ഇടതു സഹയാത്രികനാണെന്നും രാധാകൃഷ്ണൻ ആരോപിക്കുന്നു. കേസിൽ അറസ്റ്റിലായ മാർട്ടിൻ സിപിഐക്കാരനാണെന്നും ഇയാളെ ചോദ്യം ചെയ്താൽ കൊടുങ്ങല്ലൂർ എംഎൽഎയും കുടുങ്ങുമെന്നും അദ്ദേഹം പറഞ്ഞു.