തൃശൂർ: കൊടകര കുഴൽപ്പണക്കേസിൽ ധർമരാജനെ വീണ്ടും വിശദമായി ചോദ്യംചെയ്യും. കവർച്ച നടന്ന ശേഷം ധർമരാജൻ ബിജെപിയിലെ ഉന്നത നേതാക്കളെ ഫോണിൽ ബന്ധപ്പെട്ടിരുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും ഇയാളെ ചോദ്യം ചെയ്യാൻ പ്രത്യേക അന്വേഷണസംഘം ഒരുങ്ങുന്നത്. പണം നഷ്ടപ്പെട്ട ശേഷം ധർമ്മരാജൻ ഏഴോ എട്ടോ നേതാക്കളെ വിളിച്ചതായാണ് വിവരം.
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ മകനെയും ധർമ്മരാജൻ ഫോണിൽ ബന്ധപ്പെട്ടിരുന്നതായി പറയുന്നു. കോൾ ഡീറ്റെയിൽസ് പരിശോധിച്ചപ്പോൾ 24 സെക്കൻഡ് ധർമരാജൻ സുരേന്ദ്രന്റെ മകനുമായി സംസാരിച്ചു എന്ന് കണ്ടെത്തിയതായി സൂചനയുണ്ട് ധർമരാജന് സ്പിരിറ്റ് കടത്തുമായി ബന്ധമുണ്ടെന്നാണ് പോലീസ് വെളിപ്പെടുത്തുന്ന പുതിയ വിവരം.
ഇയാൾക്കെതിരെ പന്നിയങ്കര,സുൽത്താൻ ബത്തേരി സ്റ്റേഷനുകളിൽ കേസുകളുമുണ്ട്. പന്നിയങ്കര കേസിൽ 70 ദിവസത്തോളം ജയിലിൽ കിടന്ന ധർമ്മരാജൻ ഹൈക്കോടതി ജാമ്യം അവനുവദിച്ചതിനെ തുടർന്നാണ് പുറത്തിറങ്ങിയത്. അറിയപ്പെടുന്ന ഒരു അബ്കാരി കൂടിയാണ് ഇയാൾ. കർണാടകയിലെ മദ്യ ലോബിയും ഖനി ലോബിയുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ടെന്നും സൂചനകളുണ്ട്.
നേരത്തേ ഉൾപ്പെട്ട കേസുകളെക്കുറിച്ച് അന്വേഷണം
കോഴിക്കോട്: കൊടകര കുഴല്പ്പണ കേസിലെ പരാതിക്കാരനെ കുറിച്ച് പോലീസ് അന്വേഷണം. ധര്മരാജനെ കുറിച്ചാണ് പോലീസ് വിശദമായി അന്വേഷിക്കുന്നത്. നേരത്തെ ഉള്പ്പെട്ട കേസുകളുടെ വിശദാംശങ്ങള് കുഴല്പ്പണകേസ് അന്വേഷണസംഘം ശേഖരിക്കുന്നുണ്ട്.
ഇത് കൂടാതെ ജില്ലാ സ്പെഷല് ബ്രാഞ്ചും സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും അന്വേഷിച്ചുവരികയാണ്. പന്നിയങ്കരയിലും സുല്ത്താന് ബത്തേരി പോലീസ് സ്റ്റേഷനിലുമായി ധര്മരാജനെതിരേ കേസുണ്ടെന്നാണ് വിവരം.
സ്പിരിറ്റ് കേസാണുള്ളതെന്നും ഈ കേസില് ജയില് വാസം അനുഭവിച്ചിട്ടുണ്ടെന്നുമാണ് വിവരം. ഇതേകുറിച്ച് വിശദമായി അന്വേഷണം നടക്കുന്നുണ്ട്. കോഴിക്കോട് കേന്ദ്രീകരിച്ചാണ് അന്വേഷണം.