തൃശൂര്‍: കൊടകര കുഴല്‍പ്പണ കവര്‍ച്ചക്കേസില്‍ നിര്‍ണായക വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയോടെ പ്രത്യേക അന്വേഷണസംഘം തൃശൂരില്‍നിന്ന് ഇന്ന് ആലപ്പുഴയിലെത്തി. ബിജെപി ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ. ഗോപാലകൃഷ്ണ കര്‍ത്തയെ പ്രത്യേക അന്വേഷണ സംഘം ചോദ്യംചെയ്യാൻ തുടങ്ങി.
അന്വേഷണ ഉദ്യോഗസ്ഥനായ പാലക്കാട് എസിപി വി.കെ. രാജുവും സംഘവുമാണ് കര്‍ത്തയില്‍നിന്ന് വിവരം ശേഖരിക്കുന്നത്. ഗോപാലകൃഷ്ണ കര്‍ത്തയ്ക്ക് കൈമാറാനാണ് മൂന്നരക്കോടി രൂപ കൊണ്ടുപോയതെന്നാണ് അറസ്റ്റിലായവരും ബിജെപി നേതാക്കളും പൊലീസിന് നല്കിയ മൊഴി.
പണം കൊടുത്തയച്ച ആര്‍എസ്എസ് പ്രവര്ത്തകന് ധര്‍മ്മരാജനുമായി കര്‍ത്ത നിരവധി തവണ ഫോണില്‍ സംസാരിച്ചിരുന്നതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കവര്‍ച്ച നടന്ന ദിവസവും ഇരുവരും ഫോണില്‍ ബന്ധപ്പെട്ടിരുന്നു.
അതേസമയം വിവരശേഖരണത്തിനായി വിളിപ്പിച്ച ബിജെപി സംസ്ഥാന സംഘടനാ സെക്രട്ടറി ഗണേശ്, ഓഫീസ് സെക്രട്ടറി ഗിരീഷ് എന്നിവര്‍ എപ്പോള്‍ ഹാജരാകുമെന്ന് അന്വേഷണ സംഘത്തെ അറിയിച്ചിട്ടില്ല.
തുക ആരുടേതെന്ന് തെളിയിക്കാനുള്ള മൊഴികള്‍ പോലീസിന് ഇനിയും ആവശ്യമുണ്ട്. ഇതിന്റെ ഭാഗമായാണ് ബിജെപി നേതാക്കളെ ചോദ്യം ചെയ്യാന്‍ പോകുന്നത്.
പണത്തിന്റെ ഉറവിടമാണ് ഇനി അന്വേഷിക്കാനുള്ളത്. ബിജെപി ജില്ലാ, സംസ്ഥാന നേതാക്കള്‍ കേസില്‍ ഉള്‍പ്പെട്ടതോടെ പാര്‍ട്ടി കടുത്ത പ്രതിരോധത്തിലായിരിക്കുകയാണ്.
ആറാം പ്രതിയുടെ വീട്ടിൽനിന്ന്ഒന്പതു ലക്ഷം രൂപ കണ്ടെത്തി
തൃശൂർ: കൊടകര കുഴൽപ്പണക്കേസിൽ ആറാം പ്രതിയായ മാർട്ടിന്റെ വീട്ടിൽനിന്ന് ഒന്‍പതു ലക്ഷം രൂപ കണ്ടെടുത്തു. വീട്ടിൽ മെറ്റലിനുള്ളിൽ സൂക്ഷിച്ച നിലയിലാണ് പണം കണ്ടെത്തിയത്.
തൃശ്ശൂർ ഇരിങ്ങാലക്കുടയിലെ വീട്ടിൽ പരിശോധനയ്ക്കെത്തിയ അന്വേഷണ ഉദ്യോഗസ്ഥരാണ് പണം കണ്ടെത്തിയത്. കവർച്ചയ്ക്ക് ശേഷം മാർട്ടിൻ കാറും സ്വർണവും വാങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്.
മൂന്നു ലക്ഷം രൂപയ്ക്ക് സെക്കൻഡ്ഹാൻഡ് ഇന്നോവ കാർ ആണ് വാങ്ങിയത്. ബാങ്കിൽനിന്ന് ലോണെടുത്ത നാലു ലക്ഷം രൂപ ഈ പണം ഉപയോഗിച്ച് തിരിച്ചടച്ചതായും കണ്ടെത്തി.