സ്വന്തം ലേഖകന്‍
തൃശൂര്‍: കൊടകര കുഴൽപ്പണക്കേസ് അന്വേഷിക്കുന്ന പോലീസിന്റെ പ്രത്യേക അന്വേഷണസംഘത്തിനകത്തും ഒറ്റുകാരെന്ന് സൂചന.
അന്വേഷണസംഘം കണ്ണൂരിലേക്ക് റെയ്ഡിന് പോകുന്ന വിവരം പ്രതികള്‍ക്ക് ചോര്‍ത്തിക്കൊടുത്തുവെന്ന് സംശയിക്കുന്ന രണ്ടു പേര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സാധ്യതയേറി.
ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ പോലീസ് ശേഖരിച്ചുവരികയാണ്.സംശയത്തിന്റെ നിഴലിലുള്ള പോലീസുദ്യോഗസ്ഥരുടെ ഫോണ്‍ കോള്‍ ഡീറ്റെയില്‍സ് പരിശോധിക്കുന്നുണ്ട്.
പ്രത്യേക അന്വേഷണസംഘം കോഴിക്കോട്ടേക്കും കണ്ണൂരിലേക്കും റെയ്ഡിന് പോകുന്ന വിവരം ആ ജില്ലകളിലെ പോലീസുകാരെ അന്വേഷണസംഘത്തിലെ രണ്ടുപേര്‍ നേരത്തെ അറിയിച്ചുവെന്നാണ് സൂചന.
രണ്ടു ജില്ലകളിലും നടത്തിയ റെയ്ഡില്‍ ഒന്നും കണ്ടെത്താനോ ആരെയും പിടികൂടാനോ സാധിച്ചില്ല. വളരെ രഹസ്യമായി നടത്തിയ റെയ്ഡായിട്ടു പോലും പ്രതികള്‍ സമര്‍ഥമായി രക്ഷപ്പെട്ടതോടെയാണ് റെയ്ഡ് വിവരം ചോര്‍ന്നെന്ന സംശയമുണര്‍ന്നത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഒറ്റ് മനസിലായത്. ഇതിനു മുന്‍പും ഇത്തരത്തില്‍ ഒറ്റു നടന്നിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
ഈ ഉദ്യോഗസ്ഥരെ സംഘത്തില്‍ നിന്നും മാറ്റി നടപടിയെടുക്കാനാണ് തീരുമാനം. അതേസമയം റെയ്ഡിന് തൃശൂരില്‍ നിന്നും പ്രത്യേക അന്വേഷണസംഘം എത്തുന്നുവെന്ന വിവരമറിഞ്ഞ കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ ഏതെങ്കിലും ഉദ്യോഗസ്ഥരാണോ റെയ്ഡ് വിവരം പ്രതികള്‍ക്ക് ചോര്‍ത്തിയതെന്നും അന്വേഷിക്കുന്നുണ്ട്.