കെ.ഷിന്റുലാല്
കോഴിക്കോട് : ആഭ്യന്തര പ്രശ്നങ്ങളുടെ പേരില് ഇടഞ്ഞു നില്ക്കുന്ന നേതാക്കള്ക്കും പ്രവര്ത്തകര്ക്കുമെതിരേ താക്കീതുമായി ആര്എസ്എസ്. ബിജെപിയുടെ അടിത്തറയ്ക്ക് വരെ ക്ഷതമേറ്റ കൊടകര കുഴല്പ്പണ കേസിനെ ഗ്രൂപ്പും അഭിപ്രായ വ്യത്യാസവും മാറ്റിവച്ച് നേതാക്കളെല്ലാം ഒറ്റക്കെട്ടായി നേരിടണമെന്നാണ് ആര്എസ്എസ് നിര്ദേശം.
തെരഞ്ഞെടുപ്പിലേറ്റ പരാജയവും മറ്റു കാര്യങ്ങളുമെല്ലാം പിന്നീട് വിശദമായി ചര്ച്ച ചെയ്യാമെന്നും ഇപ്പോള് പാര്ട്ടി നേരിടുന്ന പ്രതിസന്ധിയെ ഒരു നേതാവിന്റെ ചുമലില് കെട്ടിവച്ച് മുഖം തിരിഞ്ഞ് നില്ക്കുന്ന സമീപനം തുടരാന് അനുവദിക്കരുതെന്നും ആര്എസ്എസ് നേതൃത്വം വ്യക്തമാക്കി.
ഇന്നലെ ചേര്ന്ന ബിജെപി കോര്കമ്മിറ്റി യോഗത്തിന് മുമ്പാണ് സംസ്ഥാന നേതാക്കളെല്ലാം ഗ്രൂപ്പ് വ്യത്യാസമില്ലാതെ ഒരുമിച്ച് നില്ക്കണമെന്ന് ആര്എസ്എസ് നിര്ദേശിച്ചത്. ആര്എസ്എസ് സംസ്ഥാന കാര്യാലയത്തില് നിന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള പ്രഭാരി സി.പി.രാധാകൃഷ്ണനോടാണ് കര്ശന നിര്ദേശം നല്കിയത്.
ഈ നിര്ദേശമാണ് കോര്കമ്മിറ്റി യോഗത്തില് സി.പി. രാധാകൃഷ്ണന് വ്യക്തമാക്കിയത്. തുടര്ന്നായിരുന്നു പ്രതിസന്ധി നേരിടാന് ബിജെപി ഒറ്റക്കെട്ടാണെന്ന സന്ദേശവുമായി നേതാക്കള് മാധ്യമങ്ങള്ക്ക് മുന്നിലെത്തിയത്.
ആപത്തുകാലത്ത് ഒന്നിച്ച്…!
കുഴല്പ്പണ കേസുമായി ബന്ധപ്പെട്ട് ഇതുവരെ വിശദീകരണവുമായി രംഗത്തെത്തിയത് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് മാത്രമായിരുന്നു. എന്നാല് ഇനി സംസ്ഥാന ജനറല് സെക്രട്ടറിമാരും മറ്റു ഭാരവാഹികളുമെല്ലാം ഇക്കാര്യത്തില് പാര്ട്ടിയുടെ വിശദീകരണം പരസ്യമാക്കണം.
കൂടാതെ കുടുംബാംഗത്തെ വരെ കേസിന്റെ ഭാഗമായി വലിച്ചിഴയ്ക്കുകയെന്നത് മറ്റു നേതാക്കള്ക്ക് കൂടിയുള്ള മുന്നറിയിപ്പാണ്.അതിനാല് ഇത്തരം ഘട്ടങ്ങളില് നേതാക്കള് ഒറ്റക്കെട്ടായി അണിനിരന്ന് പ്രതിരോധിക്കണം. കേന്ദ്രസര്ക്കാറിനെ വരെ പ്രതിരോധത്തിലാക്കിയ മെഡിക്കല്കോഴ വിഷയത്തെ കെ.സുരേന്ദ്രന് നേരിട്ട രീതിയില് തന്നെ കുഴല്പ്പണ കേസിനെയും നേതാക്കള് ഗ്രൂപ്പ് മറന്ന് പ്രതിരോധിക്കണം.
തെരഞ്ഞെടുപ്പ് തോല്വിയേക്കാള് പാര്ട്ടിക്ക് തിരിച്ചടിയായ കുഴല്പ്പണ കേസില് പ്രതിരോധത്തിനിറങ്ങാത്ത മറ്റു നേതാക്കളുടെ നടപടിക്കെതിരേ കെ.സുരേന്ദ്രന് ഇന്നലെ ചേര്ന്ന യോഗത്തില് വൈകാരികമായി പ്രതികരിക്കുകയും ചെയ്തിരുന്നു.
തുടര്ന്നാണ് പ്രഭാരി ആര്എസ്എസ് തീരുമാനം യോഗത്തില് അറിയിക്കുകയും ഇതേരീതിയില് ഇനി മുന്നോട്ട് പോവണമെന്ന് നിര്ദേശിക്കുകയും ചെയ്തത്. ഇനിയുള്ള ദിവസങ്ങളില് പി.കെ.കൃഷ്ണദാസും എം.ടി.രമേശും കുഴല്പ്പണ കേസില് വിശദീകരണവുമായി രംഗത്തണമെന്നും നിര്ദേശം നല്കിയതായാണ് പാര്ട്ടി വൃത്തങ്ങള് നല്കുന്ന വിവരം.