മാനന്തവാടി: തോൽപ്പെട്ടി എക്സൈസ് ചെക്പോസ്റ്റിൽവച്ച് വാഹനപരിശോധനയ്ക്കിടെ രേഖകളില്ലാതെ കടത്തുകയായിരുന്ന ഒരു കോടി പതിനാറ് ലക്ഷം രൂപ പിടികൂടി. പണം കടത്തിയ തമിഴ്നാട് മധുര സ്വദേശികളായ സുരേഷ് (57), മണിവാസൻ (58), മുരുകേശൻ (53), രവി (62) എന്നിവരെ കസ്റ്റഡിയിലെടുത്തു. കർണാടക ആർടിസി ബസിൽ ബംഗളൂരുവിൽ നിന്നും ഇന്ന് പുലർച്ചെ അഞ്ചോടെയാണ് പണം പിടികൂടിയത്. കോഴിക്കോട്ടേക്ക് കടത്തുകയായിരുന്ന പണമാണിതെന്ന് കസ്റ്റഡിയിലുള്ളവർ പറഞ്ഞു.
ശരീരത്തിൽ കെട്ടിവച്ച നിലയിൽ നീളമുള്ള തുണികൊണ്ടുണ്ടാക്കിയ സഞ്ചിയിൽ സൂക്ഷിച്ച നിലയിലായിരുന്നു പണം. രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളായിരുന്നു പണം. തോൽപ്പെട്ടി ചെക് പോസ്റ്റ് ഇൻസ്െപെക്ടർ ഇൻ ചാർജ് എം.എം. കൃഷ്ണൻകുട്ടി, സിഇഒ മാരായ എം.പി. ഹരിദാസൻ, പി.എൻ. ശശികുമാർ, എ.ടി.കെ. രാമചന്ദ്രൻ, വിജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പണം പിടികൂടിയത്. പ്രതികളെ ഉടൻ പോലീസിന് കൈമാറും.