ചിറ്റൂര്‍: തമിഴ്നാട്ടില്‍നിന്നു കേരളത്തിലേക്ക് കാറില്‍ കടത്തിക്കൊണ്ടുവന്ന മൂന്നുകോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി. രണ്ടുപേരെ അറസ്റ്റ് ചെയ്തു. പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം പരിയാപുരം പൂക്കോട്ടില് ഉമ്മറിന്റെ മകന് ജംഷാദ് (46), അങ്ങാടിപ്പുറം ചോലയില്‍ വീട്ടില്‍ കുഞ്ഞഹമ്മദിന്റെ മകന് അബ്ദുള്ള(42) എന്നിവരാണ് പിടിയിലായത്.
ചിറ്റൂരില്‍ ഇന്ന് പുലര്‍ച്ചെ 5.50 നാണ് സംഭവം. പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ വാഹന പരിശോധനയില്‍ വാഹനത്തിന്റെ രഹസ്യ അറയില്‍ സൂക്ഷിച്ച 500, 200, 100 രൂപയുടെ കെട്ടുകളാണ് പിടിച്ചെടുത്തത്. ആകെ 2,97,50,000 കോടി രൂപയാണ് ഉണ്ടായിരുന്നത്. തിരുപ്പൂരില്‍നിന്ന് മലപ്പുറത്തേക്കാണ് പണം കൊണ്ടുവന്നത്.
ചിറ്റൂര്‍ ഡിവൈഎസ്പി വി.എ. കൃഷ്ണദാസിന്റെ നിര്‍ദേശപ്രകാരം എസ്എച്ച്ഒ ജെ. മാത്യു, എസ്ഐ കെ. ഷാജു, എഎസ്ഐ കെ. ഷബീര്‍, എസ് സിപിഒ എ. ജാഫര്‍ സാദിഖ്, സിപിഒ സി. ശബരി എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് ഇവരെ പിടികൂടിയത്.