കുഴല്‍പ്പണം എന്നും ഹവാല പണമെന്നും കേള്‍ക്കുമ്പോള്‍ ആദ്യം മനസിലേക്ക് ഓടിയെത്തുക നാളുകള്‍ക്കുമുമ്പ് ഒരു ദേശീയ പാര്‍ട്ടിക്കു വേണ്ടി കടത്തിയെന്നു പറയപ്പെടുന്ന പണത്തിലേക്കാണ്.
ഇതിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടയിൽ വേറെയും കുഴൽപണ കഥകൾ പുറത്തേക്കു വന്നുകൊണ്ടിരിക്കുന്നു.
കുഴൽപണം വരുന്നതും അതു മറ്റൊരു സംഘം തട്ടിയെടുക്കുന്നതുമൊന്നും കേരളത്തിൽ പുതിയ വാർത്തകൾ അല്ലാതായി മാറിയിരിക്കുന്നു.
രാജ്യത്തെ ഹവാലക്കാരുടെ ഇടയില്‍ ഹവാല ക്യാപിറ്റലെന്നാണത്രേ കേരളം അറിയപ്പെടുന്നത്. അത്രയേറെ കള്ളപ്പണമാണു കേരളത്തിലേക്ക് ഒഴുകുന്നതെന്നാണ് വിവരം.
ചില പ്രത്യേക മേഖലകളിലേക്കു ഹവാല പണത്തിന്റെ വരവ് കൂടുതലാണെന്ന കാര്യം പരസ്യമായ രഹസ്യമാണ്.
ഹവാല വന്ന വഴി!
ഹവാല എന്നത് ഒരു അറബ് വാക്കാണ്. കൈമാറ്റം എന്നാണ് ഈ വാക്കിന് അര്‍ഥം. ബാങ്കിംഗ് സംവിധാനങ്ങള്‍ക്കു സമാന്തരമായി പ്രവർത്തിക്കുന്ന അനധികൃത ഇടപാട് ആണിത്.
മലയാളത്തിൽ കുഴൽപണം എന്ന ഒാമനപ്പേരിലാണ് ഈ ഇടപാട് അറിയപ്പെടുന്നത്. സ്വര്‍ണവും പണവുമൊക്കെയാണ് ഹവാല ഇടപാടിലൂടെ കടത്തുന്നത്.
നികുതി വെട്ടിച്ചു കള്ളപ്പണവും സ്വർണവുമൊക്കെ കടത്തുകയും കൈമാറുകയും ചെയ്യുന്ന ഇടപാടുകളാണിത്.
ചെറിയ ഇടപാടുകളല്ല, ലക്ഷങ്ങളും കോടികളുമാണ് ഇങ്ങനെ ഒറ്റ ഇടപാടിൽത്തന്നെ മറിയുക. പരസ്പര വിശ്വാസത്തെ മാത്രം ആശ്രയിച്ചു നടക്കുന്ന ഈ ഇടപാടിൽ യാതൊരുവിധ രേഖയും ഉണ്ടാകില്ല.
അതിനാല്‍ത്തന്നെ ആരാണ് പണത്തിന്റെ ഉടമയെന്നു കണ്ടെത്തുക ദുഷ്കരം. രഹസ്യ കോഡിലൂടെയാകും പണം കൈമാറ്റം.
എന്തിനും മടിക്കാത്ത വന്‍ സംഘങ്ങളാണ് ഇത്തരം ഇടപാടുകൾക്കു പിന്നിലുണ്ടാവുക. വളരെ രഹസ്യമായും തന്ത്രപരമായും നടത്തുന്ന ഇത്തരം ഇടപാടുകളിൽ വളരെക്കുറച്ചു മാത്രമാണ് പലപ്പോഴും പിടിക്കപ്പെടുക.
ആരാണ് ഹവാലദാര്‍സ് ?
വൻ പ്രതിഫലവും ലാഭവും മോഹിച്ച് ഒരോ വര്‍ഷവും ഹവാല ഇടപാടുകളിലേക്കു പുതിയ ആളുകൾ എത്തുന്നുണ്ടെന്നാണ് വിവരങ്ങള്‍. യുവാക്കളാണ് ഫീൽഡിൽ കളിക്കുന്നവരിൽ ഏറെയും. ഹവാല ഇടപാടുകാരെ ഹവാലദാര്‍സ് എന്നാണ് അറിയപ്പെടുന്നത്.
ഹവാല അയയ്ക്കുന്നയാള്‍ നാട്ടിലുള്ള ഇടപാടുകാര്‍ക്ക് ഒരു രഹസ്യകോഡ് കൈമാറും. ഈ കോഡ് ഉപയോഗിച്ചാണ് മറ്റ് ഇടപാടുകളും കൈമാറ്റവും നടക്കുക.
എല്ലാ ഇടപാടുകള്‍ക്കും ചെറിയ ശതമാനം ഹവാല ഇടപാടുകാര്‍ കമ്മീഷന് കൈപ്പറ്റുമെന്നത് ഒഴിച്ചാല്‍ ഇടപാടുകാരന് എപ്പോഴും അജ്ഞാതനായിരിക്കുമെന്നതും ബാങ്ക് ഇടപാടുകളുടെ നൂലാമാലകള്‍ വേണ്ടെന്നതും പലരെയും ഈ രംഗത്തേക്ക് ആകർഷിക്കുന്നു.
രാജ്യത്തു പതിറ്റാണ്ടുകളായി ഹവാല പണത്തിന്റെ ഒഴുക്ക് ഉണ്ട്. നാട്ടുകാർക്ക് എന്താണ് ഇതുകൊണ്ടു കുഴപ്പം എന്നു ചിലർ ചോദിച്ചേക്കാം… ഹവാല ഇടപാടിൽ രാജ്യത്തിന്റെയും ജനങ്ങളുടെയും സുരക്ഷയ്ക്കു ഭീഷണിയായ നിരവധി കാര്യങ്ങൾ ഒളിച്ചിരിപ്പുണ്ട്.
നികുതി വെട്ടിക്കുക എന്നതിനേക്കാൾ കള്ളക്കടത്തുകാർ മുതൽ തീവ്രവാദികൾ വരെ ഹവാല ഇടപാടിൽ പങ്കുചേരുന്നു എന്നതാണ് ഇതിന്റെ അപകടം. വിധ്വംസക പ്രവർത്തനങ്ങൾക്കു വരുന്ന പണം പലപ്പോഴും ഹവാല ഇടപാടുകളിലൂടെ എത്തുന്നവയാണ്.
കാണാമറയത്ത്
കോടിക്കണക്കിനു രൂപയുടെ പണമാണ് ഇത്തരം ഇടപാടിലൂടെ മറിയുന്നത്. ഇതില്‍ ചെറിയൊരു ഭാഗം പിടികൂടുന്നുണ്ടെങ്കിലും പലപ്പോഴും ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ കാണാമറയത്തുതന്നെ.
രാജ്യത്തെ സമ്പദ് വ്യാവസ്ഥയെതന്നെ തകിടം മറിക്കുന്ന സമാന്തര ഇടപാടുകളാണ് ഹവാലയിലൂടെ സൃഷ്ടിക്കുന്നത്.
ഫോറിന് എക്സേഞ്ച് മാനേജ്മെന്റ് നിയമം 2000, പ്രിവന്‍ഷന്‍ ഓഫ് മണി ലെൻഡറിംഗ് ആക്ട് 2002 എന്നിവ അനുസരിച്ചു ഹവാല ഇടപാടു രാജ്യത്തു കുറ്റകരമാണ്. പണം മാത്രമല്ല കുഴലിൽ കയറുന്നത്.
(തുടരും)