കോഴിക്കോട്: താമരശേരി ചുരത്തില്‍ പട്ടാപ്പകല്‍ എട്ടംഗസംഘം കാര്‍ തടഞ്ഞുനിര്‍ത്തി യുവാവിനെ ആക്രമിച്ച് 68 ലക്ഷം രൂപയും മൊബൈല്‍ ഫോണും കാറും കവര്‍ന്നു.
ചുരത്തില്‍ ഒമ്പതാംവളവിനു താഴെ ബുധനാഴ്ച രാവിലെ എട്ടിനു നടന്ന സംഭവത്തെക്കുറിച്ച് യുവാവ് പോലീസില്‍ പരാതിപ്പെട്ടത് ഇന്നലെ വൈകിട്ടാണ്. ഇതോടെയാണ് കവര്‍ച്ചയുടെ വിവരം പുറംലോകം അറിഞ്ഞത്.
പോലീസില്‍ പരാതി നല്കിയാല് കൊല്ലുമെന്ന് സംഘം ഭീഷണിപ്പെടുത്തിയതിനാലാണു പരാതി നല്കാന് വൈകിയതെന്നാണ് യുവാവിന്റെ വിശദീകരണം. കവര്‍ച്ച ചെയ്യപ്പെട്ടത് കുഴല്പണമാവാമെന്ന സൂചനയാണു പുറത്തുവരുന്നത്.
മൈസൂരില്‍നിന്ന് കൊടുവള്ളിയിലേക്ക് വരികയായിരുന്ന കര്‍ണാടക മൈസൂര്‍ ലഷ്കര്‍ മൊഹല്ല സ്വദേശി വിശാല്‍ ദശത് മഡ്കരി (27) യാണ് ആക്രമിക്കപ്പെട്ടത്.
മൈസൂരില്‍നിന്ന് ബുധനാഴ്ച പുലര്‍ച്ചെ അഞ്ചിന് കൊടുവള്ളിയിലേക്കു കാര്‍മാര്‍ഗം സഞ്ചരിച്ച വിശാല്‍ രാവിലെ എട്ടോടെയാണ് താമരശേരി ചുരത്തിലെത്തിയത്.
ഒമ്പതാംവളവിന് സമീപമെത്തിയപ്പോള്‍ പിറകില്‍ രണ്ട് കാറുകളിലായി പിന്തുടര്ന്നെത്തിയ സംഘം വിശാലിന്റെ വാഹനം തടഞ്ഞിടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. രണ്ട് കാറുകളിലായി എട്ട് പേരുണ്ടായിരുന്നെന്നാണ് വിശാല്‍ പോലീസിന് നല്കിയ വിവരം.വശത്തെ ഗ്ലാസ് അടിച്ചുതകര്‍ത്ത ശേഷം വിശാലിനെ കാറില്‍നിന്നു വലിച്ചു പുറത്തേക്കിട്ടു.
കൈകൊണ്ടും കമ്പിവടി കൊണ്ടും അടിച്ചുപരിക്കേല്‍പ്പിച്ചു. കാറില്‍ സൂക്ഷിച്ച പണവും മൊബൈല്‍ ഫോണും എടുത്ത് കാറുമായി സംഘം കോഴിക്കോട് ഭാഗത്തേക്ക് ഓടിച്ചുപോയി.
കൊടുവള്ളിയില്‍നിന്ന് പഴയ സ്വര്‍ണം വാങ്ങാന്‍ വേണ്ടിയാണ് 68 ലക്ഷം രൂപയുമായി വന്നതെന്നാണ് ഇയാള്‍ പോലീസിനു നല്കിയ വിവരം. എന്നാല്‍, പോലീസ് ഇതു പൂര്‍ണമായും വിശ്വസിക്കുന്നില്ല.
കവര്‍ച്ച ചെയ്യപ്പെട്ടത് കുഴല്‍പ്പണമാവാമെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. കുഴല്പണക്കടത്ത് സംഘം വിവരം ചോര്‍ത്തി വാഹനം തടഞ്ഞ് കവര്‍ച്ച നടത്തുന്നതിനു ചുരംപാത ഇതിനു മുമ്പും സാക്ഷ്യം വഹിച്ചിട്ടുണ്ട്.