പയ്യന്നൂര്‍: ദേശീയപാതയിലെ ചതിക്കുഴികള്‍ മൂലമുള്ള അപകടം തുടര്‍ക്കഥയായിട്ടും അധികൃതര്‍ കണ്ണടച്ചിരിക്കുമ്പോള്‍ കുഴികളടക്കാന്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ രംഗത്ത്. ഓണക്കുന്ന് മുതല്‍ കരിവെള്ളൂര്‍ വരെയുള്ള ദേശീയ പാതയിലാണ് കുഴികളായ റോഡുമൂലം അപകടങ്ങള്‍ തുടര്‍ക്കഥയായത്.
ദേശീയപാത ചതിക്കുഴികള്‍ കൊണ്ട് നിറയുകയും അപകടങ്ങള്‍ നിത്യസംഭവമാകുകയും ചെയ്തതോടെ തകര്‍ന്ന റോഡിന്റെ ചിത്രം സഹിതം രാഷ്ട്രദീപിക വാര്‍ത്ത പ്രസിദീകരിച്ചിരുന്നു. എന്നിട്ടും ദേശീയ പാത വിഭാഗം ഇതൊന്നും കണ്ടില്ലെന്ന് നടിച്ചപ്പോഴാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്.
വാഹനത്തിൽ കല്ലും മണ്ണും കൊണ്ടു വന്നിട്ട് കുഴികള്‍ നികത്തി ഇടിച്ചുറപ്പിച്ചാണ് ഇവര്‍ സേവന പ്രവര്‍ത്തനം സംഘടിപ്പിച്ചത്.അപകടം പതിവായ കരിവെള്ളൂര്‍ ഓണക്കുന്ന് മുതലുള്ള ദേശീയ പാതയിലെ കുഴികളാണ് ഇവരടച്ചത്.കരിവെള്ളൂര്‍ സൗത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു കുഴികളടച്ചത്.